
കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; രക്ഷപ്പെട്ടത് തുണി ഉപയോഗിച്ച് വടമുണ്ടാക്കി
കേരളത്തെ ആകെ ഞെട്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് ഇയാളെ കാണാനില്ലെന്ന് മനസ്സിലായത്. ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദച്ചാമി. 2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. ഈ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. ഇയാൾക്ക് ഒരു കൈ മാത്രമേയുള്ളൂ. ഇയാൾക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. അതേസമയം ഇയാൾ അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല.
ജയിൽ വളപ്പിനുള്ളിൽ ഇയാൾ ഇല്ല എന്ന് അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളിൽ കേസുകളുണ്ട്. മോഷണകേസുകളിലും പ്രതിയാണ് ഗോവിന്ദച്ചാമി. സംസ്ഥാന വ്യാപകമായി ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരം 5 മണിയോടെയാണ് ജയിൽ അധികൃതർ പ്രതികളെ അകത്തു കയറ്റുന്നത്. സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം രാവിലെ 7 മണിയോടെയാണ് സ്ഥിരീകരിച്ചത്. തുണി ചേർത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാൾ പുറത്തേക്ക് ചാടിയതെന്നാണ് വിവരം. സെല്ലിനകത്ത് ഇയാൾ ഒറ്റയ്ക്കായിരുന്നു. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. തുടർന്ന് രാവിലെ 1.15ഓടെ ഇയാൾ ജയിൽ ചാടിയത്. കൈവശം ഉണ്ടായിരുന്ന തുണി ഉപയോഗിച്ച് മതിലിന്റെ അടുത്തേക്കു പോയി. തുടർന്ന് മതിലിലെ ഫെൻസിങ്ങിനു മുകളിലേക്ക് എറിഞ്ഞു പിടിച്ച് കയറുകയായിരുന്നു. പുറത്തുനിന്ന് ഇയാൾക്ക് സഹായം ലഭിച്ചുവെന്നാണ് സൂചന. ജയിൽചാടിയ ഗോവിന്ദച്ചാമിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ട്രെയിനിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ പെൺകുട്ടിയുടെ അമ്മ. ഇത്രയും വലിയ ജയിൽ ഇയാൾ എങ്ങനെ ചാടിയെന്നും അമ്മ ചോദിച്ചു. വിവരം കേട്ട് തന്റെ ശരീരം വിറയ്ക്കുകയാണെന്നും അമ്മ പറഞ്ഞു.
ഗോവിന്ദ ചാമിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ 9446899506 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. ഗോവിന്ദ ചാമിയെ തിരിച്ചറിയാനുള്ള അടയാളങ്ങളും പൊലീസ് പുറത്തുവിട്ടു. ഗോവിന്ദ ചാമിയുടെ ഇടത് കൈ മുറിച്ചുമാറ്റിയിട്ടുണ്ട്. വലത് കവിളിൽ ഒരു അടയാളവും ഇടത് കവിളിൽ ഒരു മുറിവ് പാടുമുണ്ട്. ജയിൽ നമ്പർ: 33 ആണ് ഗോവിന്ദ ചാമിയുടെ ജയിൽ നമ്പർ. 2011ൽ ആണ് ജയിലിലാകുന്നത്. ജയിൽ രേഖകൾ പ്രകാരം ഗോവിന്ദച്ചാമിയുടെ വിവരങ്ങൾ ഇങ്ങനെ: പേര്: ഗോവിന്ദസ്വാമി, പ്രായം: 41, അവിവാഹിതൻ. വിലാസം: ഐവത്തക്കുടി (AIVATHAKUDI), എരഞ്ഞ പി.ഒ. (ERANJA PO), വാപ്പൂർ പി.എസ്. (VAPOOR PS), കരൂർ (KARUR).കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)