ചുട്ടുപൊള്ളി കുവൈറ്റ്; താപനില അൻപത് കടന്നു, ദുരിതത്തിലാക്കി പൊടിക്കാറ്റും
കുവൈറ്റ് ചുട്ടുപൊള്ളുന്നു. താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് കടന്നു. കൂടാതെ, അതിതീവ്ര ഉഷ്ണതരംഗവും അന്തരീക്ഷ ഈർപ്പവും പൊടിക്കാറ്റുമുണ്ട്. ആരോഗ്യ മുൻകരുതൽ സ്വീകരിക്കണമെന്ന നിർദേശവുമായി അധികൃതർ. ഉഷ്ണതരംഗത്തിന്റെ പിടിയിലമർന്ന് തീചൂളയിൽ അകപ്പെട്ട അവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഈ ഞായറാഴ്ച വരെ 47നും 50 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും പകൽ താപനില. രാത്രിയിൽ 31നും 35 ഡിഗ്രി സെൽഷ്യസിനും ഇടയിലാകും താപനില.തീരപ്രദേശങ്ങളിൽ പൊടിക്കാറ്റ് മണിക്കൂറിൽ 45 നോട്ടിക്കൽ മൈൽ വരെ വേഗത്തിൽ വീശുമെന്നാണ് മുന്നറിയിപ്പ്. കനത്ത കാറ്റ് ദൂരക്കാഴ്ച കുറയ്ക്കും. അന്തരീക്ഷ ഈർപ്പവും ഉയരും. തിരമാല 6 അടി വരെ ഉയരത്തിലെത്തും. വേനൽച്ചൂട് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ഗൾഫ് രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. 2016ൽ ആഗോളതലത്തിൽ ഏറ്റവും ചൂടു കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഇടം നേടിയിരുന്നു-മിത്രിബയിൽ 53.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം പകുതിയിൽ ജഹ്രയിലും മറ്റ് മേഖലകളിലും പകൽ താപനില 51 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു. ഇന്ത്യൻ മൺസൂൺ ന്യൂനമർദമാണ് വരണ്ട വടക്കുപടിഞ്ഞാറൻ കാറ്റിനുൾപ്പെടെ കാരണമാകുന്നത്.
∙ ആരോഗ്യ മുൻകരുതൽ നിർബന്ധം
രാജ്യത്തെ ജനങ്ങൾ നിർബന്ധമായും വേനൽചൂടിനെതിരെ ആരോഗ്യ മുൻകരുതൽ സ്വീകരിക്കണമെന്നാണ് അധികൃതരുടെ നിർദേശം. ചൂടേറിയ സമയങ്ങളിൽ പ്രത്യേകിച്ചും ഉച്ചയ്ക്ക് 12 നും 4നും ഇടയിൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം.
ധാരാളം വെള്ളം കുടിക്കുന്നതിലൂടെ ശരീരത്ത് നിർജലീകരണം സംഭവിക്കുന്നത് ഒഴിവാക്കാം. ഇളം നിറത്തിലുള്ളതും അയവുള്ളതുമായ വസ്ത്രങ്ങൾ ധരിക്കണം. പുറത്തിറങ്ങുമ്പോൾ സൺ ഗ്ലാസുകൾ, തല മുഴുവൻ മറയ്ക്കുന്ന തരത്തിലുള്ള തൊപ്പികൾ എന്നിവ ധരിക്കണം. അടിയന്തരാവശ്യങ്ങൾ രാവിലെ നേരത്തെ അല്ലെങ്കിൽ സൂര്യാസ്തമനത്തിന് ശേഷം പ്ലാൻ ചെയ്യണം. പൊടിക്കാറ്റ് ദൂരക്കാഴ്ച കുറയ്ക്കുമെന്നതിനാൽ സൂക്ഷ്മതയോടെ വാഹനം ഓടിക്കണം.പകൽ താപനില വയോധികർ, കുട്ടികൾ, പുറം തൊഴിലാളികൾ എന്നിവരുടെ ആരോഗ്യത്തിന് കടുത്ത വെല്ലുവിളി ഉയർത്തുമെന്നതിനാൽ ഇവർ കൂടുതൽ ജാഗ്രത പാലിക്കണം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)