കുവൈത്തിൽ പൊടിക്കാറ്റ് സൗരോർജ്ജ ഉത്പാദനം കുറയ്ക്കുന്നു; മണൽ നീക്കം ചെയ്യാനുള്ള ചെലവ് ഉയരുന്നു
കുവൈറ്റിലെയും മറ്റ് അറബ് രാജ്യങ്ങളിലെയും സൗരോർജ്ജ ഉത്പാദനത്തെ പൊടിക്കാറ്റ് കാര്യമായി ബാധിക്കുന്നതായി പഠനം. പൊടിക്കാറ്റ് കാരണം സൗരോർജ്ജ ഉത്പാദനത്തിൽ 25% മുതൽ 35% വരെ കുറവുണ്ടാവുന്നതായി കണ്ടെത്തി. ചില സന്ദർഭങ്ങളിൽ ഇത് 50%ലധികം കുറയാനും സാധ്യതയുണ്ട്.
അറബ് കൗൺസിൽ ഫോർ സസ്റ്റൈനബിൾ എനർജിയുടെ വൈസ് ചെയർമാനായ ഡോ. ബദർ അൽ-തവീൽ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ. പൊടിപടലങ്ങൾ കാരണം സോളാർ പാനലുകളുടെ കാര്യക്ഷമത കുറയുന്നു. ഇതോടൊപ്പം, പാനലുകളുടെ ആയുസ്സ് കുറയുകയും പരിപാലന ചിലവ് കൂട്ടുകയും ചെയ്യുന്നു.
സാമ്പത്തികമായി വലിയ നഷ്ടമാണ് ഇത് ഉണ്ടാക്കുന്നത്. ഒരു ക്യുബിക് മീറ്റർ മണൽ നീക്കം ചെയ്യാൻ ഏകദേശം 320 ഫിൽസ് ചെലവ് വരുമെന്ന് കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് കണക്കാക്കുന്നു. ഒരു വർഷം ലക്ഷക്കണക്കിന് ദിനാറിൻ്റെ നഷ്ടമാണ് ഇത് വഴി ഉണ്ടാവുന്നത്. ഈ നഷ്ടം കുറയ്ക്കുന്നതിൻ്റെ ഭാഗമായി കുവൈറ്റ് ഓയിൽ കമ്പനി മണൽ നീക്കം ചെയ്യാനുള്ള കരാർ നീട്ടി. ഇതിനായി 1.5 മില്യൺ ദിനാർ അധികമായി അനുവദിച്ചു.
അതേസമയം, പൊടിക്കാറ്റിനെ പ്രതിരോധിക്കാൻ നൂതനമായ മാർഗ്ഗങ്ങളും തേടുന്നുണ്ട്. മണൽ കെണിയിലാക്കാൻ പ്രത്യേക വലകൾ ഉപയോഗിക്കുന്ന ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. അൽ-വഫ്ര റോഡിലും സബാഹ് അൽ-അഹ്മദ് സിറ്റിയിലും പരീക്ഷിച്ച ഈ പദ്ധതിക്ക് നല്ല വിജയം ലഭിച്ചു. ഇതുവഴി നൂറുകണക്കിന് ടൺ മണലാണ് ശേഖരിച്ചത്. ശേഖരിച്ച മണൽ ഗ്ലാസ്, ഫൈബർഗ്ലാസ് വ്യവസായങ്ങളിൽ പുനരുപയോഗിക്കാനാണ് തീരുമാനം.
പൊടിക്കാറ്റ് വെറും പാരിസ്ഥിതിക പ്രശ്നം മാത്രമല്ലെന്നും പുനരുപയോഗ ഊർജ്ജ പദ്ധതികൾക്ക് വലിയ വെല്ലുവിളിയാണെന്നും വിദഗ്ദ്ധർ പറയുന്നു. പൊടിപടലങ്ങളെ പ്രതിരോധിക്കുന്ന വസ്തുക്കൾ, സ്വയം വൃത്തിയാക്കുന്ന സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കണം എന്നും ഇവർ ആവശ്യപ്പെടുന്നു. ഇത് വഴി പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സാധിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)