വിദേശികളെ അനധികൃതമായി റിക്രൂട്ട് ചെയ്തു, വൻ റസിഡൻസി തട്ടിപ്പ്; പ്രവാസികൾ ഉൾപ്പെടെയുള്ള സംഘം കുവൈത്തിൽ പിടിയിൽ
Residency Trafficking വിദേശ തൊഴിലാളികളെ അനധികൃതമായി രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്ന സംഘത്തെ ആഭ്യന്തര മന്ത്രാലയം പിടികൂടി. തൊഴിൽ റിക്രൂട്ട്മെന്റ് കമ്പനികൾക്ക് പണം വാങ്ങി ലൈസൻസ് നൽകിയിരുന്ന ആറ് പേരടങ്ങുന്ന സംഘമാണ് അറസ്റ്റിലായത്.
റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെൻ്റാണ് ഇവരെ പിടികൂടിയത്. മൂന്ന് കുവൈത്തി പൗരന്മാരും മൂന്ന് ഈജിപ്ഷ്യൻ പൗരന്മാരും ഉൾപ്പെടെ ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. അനധികൃതമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി 28 കമ്പനികളുടെ ലൈസൻസുകളാണ് ഇവർ ദുരുപയോഗം ചെയ്തത്.
അന്വേഷണത്തിൽ, പ്രതികൾ 382 തൊഴിലാളികളെ റിക്രൂട്ട് ചെയ്തതായി കണ്ടെത്തി. ഒരു തൊഴിലാളിയിൽ നിന്ന് 800 മുതൽ 1,000 ദിനാർ വരെയാണ് ഇവർ ഈടാക്കിയിരുന്നത്. കൂടാതെ, പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ജീവനക്കാർക്ക് തൊഴിലാളികളുടെ വിവരങ്ങൾ സിസ്റ്റത്തിൽ വേഗത്തിൽ രേഖപ്പെടുത്തുന്നതിന് 200 മുതൽ 250 ദിനാർ വരെ കൈക്കൂലി നൽകിയിരുന്നതായും കണ്ടെത്തി.
അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റെസിഡൻസി നിയമലംഘനങ്ങളെ കർശനമായി നേരിടുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)