“യുഎഇയിലേക്ക് വരണ്ട”; ഇറാൻ പൗരന്മാർക്ക് വിമാനക്കമ്പനികളുടെ പുതിയ നിയന്ത്രണം

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാൻ പൗരന്മാർക്ക് യുഎഇ ഏർപ്പെടുത്തിയ പ്രവേശന നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയതായി റിപ്പോർട്ട്. യുഎഇ വഴി മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇറാൻ പൗരന്മാർക്കും ഈ നിയന്ത്രണം ബാധകമാണ്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സർക്കാർ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും പ്രമുഖ വിമാനക്കമ്പനികൾ പുതിയ യാത്രാനിബന്ധനകൾ സ്ഥിരീകരിച്ചിട്ടുണ്ട്. എമിറേറ്റ്‌സ്, എത്തിഹാദ്, ഫ്ലൈ ദുബായ് എന്നീ എയർലൈൻ കമ്പനികൾ തങ്ങളുടെ വെബ്സൈറ്റുകൾ വഴി പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾ പ്രകാരം യുഎഇയിൽ 10 വർഷത്തെ റസിഡൻസി പെർമിറ്റ് ഉള്ളവർക്കും ഗോൾഡൻ വീസ കൈവശമുള്ളവർക്കും മാത്രമാണ് നിലവിൽ രാജ്യത്ത് പ്രവേശനം അനുവദിക്കുന്നത്.

ഇതിനിടെ ദുബായിൽ ദശകങ്ങളായി പ്രവർത്തിച്ചിരുന്ന ഇറാനിയൻ ആശുപത്രിയും ഇറാനിയൻ ക്ലബും അധികൃതർ അടച്ചുപൂട്ടി. ഇറാൻ വിപ്ലവത്തിന് മുൻപ് തന്നെ ആരംഭിച്ചിരുന്ന ഈ സ്ഥാപനങ്ങൾക്കെതിരായ നടപടി രാഷ്ട്രീയ തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതായാണ് വിലയിരുത്തൽ.
സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ദുബായ് തീരത്ത് കുവൈത്ത് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു എണ്ണടാങ്കറിന് നേരെ ഇറാൻ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ടാങ്കറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും എണ്ണച്ചോർച്ചയുണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഇറാനിൽ നിന്നുള്ള മിസൈലുകളും ഡ്രോണുകളും യുഎഇയിലെ വിവിധ പ്രദേശങ്ങളിലേക്ക് എത്തുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. അതേസമയം ട്രംപ് ഇന്ന് രാത്രി പ്രാദേശിക സമയം 9 മണിക്ക് അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 6.30-നാണ് പ്രസംഗം. പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയുടെ അടുത്ത നീക്കം എന്തായിരിക്കും എന്നതിനെക്കുറിച്ച് നിർണായക സൂചനകൾ പ്രസംഗത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version