
യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട്, വീസ സേവനങ്ങൾക്ക് പുതിയ സേവനദാതാവിനെ തിരഞ്ഞെടുത്തു. മലയാളി ഉടമസ്ഥതയിലുള്ള അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ് ജൂലൈ 1 മുതൽ ഈ സേവനങ്ങൾ കൈകാര്യം ചെയ്യും. 23 കമ്പനികൾ പങ്കെടുത്ത ടെൻഡറിന്റെ അവസാന ഘട്ടത്തിൽ എത്തിയ നാലിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. വിഎഫ്എസ് ഗ്ലോബൽ , എസ്.ജി ഐവിഎസ്, ഡു ഡിജിറ്റൽ എന്നിവയും അന്തിമ പട്ടികയിൽ ഉണ്ടായിരുന്നു. ഇന്ത്യൻ എംബസിയിൽ നിന്ന് ലെറ്റർ ഓഫ് ഇൻഡന്റ് ലഭിച്ചതോടെ പുതിയ സേവനദാതാവിന്റെ നിയമനം ഉറപ്പായി.
വർഷങ്ങളായി സേവനം നൽകിയിരുന്ന ബിഎൽഎസിനെ മാറ്റിയാണ് പുതിയ തീരുമാനം. സേവനവുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ രണ്ട് വർഷത്തേക്ക് ടെൻഡറിൽ പങ്കെടുക്കുന്നതിൽ നിന്ന് കമ്പനിയെ വിലക്കിയിരുന്നു. യുഎഇ ഉൾപ്പെടെ 19 രാജ്യങ്ങളിൽ ബി.എൽ.എസ് സേവനം നൽകിയിരുന്നെങ്കിലും, യുഎഇയിലെ കരാർ കാലാവധി ജൂണിൽ അവസാനിക്കാനിരിക്കെയാണ് മാറ്റം. പുതിയ സംവിധാനപ്രകാരം യുഎഇയിലെ ഏഴ് എമിറേറ്റുകളിലായി 16 കേന്ദ്രങ്ങളിൽ സേവനം ലഭ്യമാകും. അബുദാബിയിലെ ഖാലിദിയ, അൽ റീം, മുസഫ, ഗയാതി, മദിനാ സായിദ്, അൽ ഐൻ എന്നിവിടങ്ങൾക്കൊപ്പം ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ, ഖോർഫക്കാൻ, കൽബ തുടങ്ങിയ സ്ഥലങ്ങളിലും കേന്ദ്രങ്ങൾ പ്രവർത്തിക്കും. കൂടുതൽ കേന്ദ്രങ്ങളും മെച്ചപ്പെട്ട സംവിധാനങ്ങളും ലഭ്യമാകുന്നതോടെ യുഎഇയിൽ പാസ്പോർട്ട്, വീസ സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. മുമ്പ് ബിഎൽഎസിനെ തിരെ സർവീസ് ചാർജ് വർധന, നിർബന്ധിത സേവനങ്ങൾ, മോശം പെരുമാറ്റം തുടങ്ങിയ നിരവധി പരാതികൾ ഉയർന്നിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t