
അബുദാബി ബിഗ് ടിക്കറ്റിന്റെ ഏപ്രിൽ മാസത്തെ രണ്ടാമത്തെ വീക്കിലി ഇ-ഡ്രോയിൽ പ്രവാസികൾക്ക് ഭാഗ്യവർഷം. മലയാളികളായ വിജയകുമാർ പദ്മനാഭൻ, മനു അഗസ്റ്റിൻ എന്നിവരടക്കം നാല് പേരാണ് ഇത്തവണത്തെ വിജയികൾ. വിജയിച്ച ഓരോരുത്തർക്കും 25,000 ദിർഹം (ഏകദേശം 5.6 ലക്ഷം രൂപ) വീതമാണ് ലഭിച്ചത്. മലയാളികൾക്ക് പുറമെ ബംഗ്ലാദേശ്, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പ്രവാസികളുമാണ് ആകെ 100,000 ദിർഹം പങ്കിട്ടെടുത്ത മറ്റ് വിജയികൾ.
ഖത്തറിൽ ജോലി ചെയ്യുന്ന വിജയകുമാർ പദ്മനാഭൻ ഒറ്റയ്ക്കാണ് ടിക്കറ്റെടുത്തത്. സമ്മാനവിവരം അറിയിച്ചുകൊണ്ടുള്ള ഇമെയിൽ കണ്ടപ്പോൾ വിശ്വസിക്കാനായില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ദുബായിൽ താമസിക്കുന്ന മനു അഗസ്റ്റിൻ പത്ത് സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ടിക്കറ്റെടുത്തത്, അതിനാൽ തന്നെ സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിടും. അബുദാബിയിൽ ബിൽഡിങ് മെയിന്റനൻസ് കോർഡിനേറ്ററായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് മുൻജുർ 18 സുഹൃത്തുക്കൾക്കൊപ്പമാണ് ഭാഗ്യം പരീക്ഷിച്ചത്. കഴിഞ്ഞ 12 വർഷമായി ബിഗ് ടിക്കറ്റിൽ പങ്കാളിയാകുന്ന സിറിയൻ സ്വദേശി വഫ ഖലാഫിന് അബുദാബിയിലാണ് ജോലി. കൃത്യസമയത്ത് ലഭിച്ച ഈ തുക വലിയ സഹായമാണെന്ന് അദ്ദേഹം പറഞ്ഞു.
മെയ് മാസത്തിൽ ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾക്കായി വമ്പിച്ച സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. മെയ് 3-ന് നടക്കുന്ന നറുക്കെടുപ്പിൽ വിജയിക്കുന്ന ഒരാൾക്ക് 25 മില്യൺ ദിർഹം (ഏകദേശം 56 കോടി രൂപ) സ്വന്തമാക്കാം. കൂടാതെ അഞ്ച് പേർക്ക് ഒരു മില്യൺ ദിർഹം വീതം സമാശ്വാസ സമ്മാനമായി ലഭിക്കും. ഏപ്രിൽ 24 വരെ രണ്ടോ അതിലധികമോ ടിക്കറ്റുകൾ ഒന്നിച്ച് എടുക്കുന്നവർക്ക് 50,000 മുതൽ 150,000 ദിർഹം വരെ നേടാൻ അവസരമുണ്ട്. ലാൻഡ് റോവർ ഡിഫൻഡർ, റേഞ്ച് റോവർ വെലാർ എന്നീ ആഡംബര വാഹനങ്ങളും വരും മാസങ്ങളിൽ ഭാഗ്യശാലികൾക്ക് സ്വന്തമാക്കാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t