കുവൈത്ത് സിറ്റി: കുവൈത്തിൽനിന്നുള്ള ഹജ്ജ് രജിസ്ട്രേഷൻ 28ന് അവസാനിക്കും. തീർഥാടനത്തിന് ഉദ്ദേശിക്കുന്നവർ അതിനുമുമ്പ് രജിസ്റ്റർ ചെയ്യാൻ ഔഖാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം അറിയിച്ചു. മുമ്പ് ഹജ്ജ് നിർവഹിക്കാത്തവർക്ക് മുൻഗണന നൽകുമെന്ന് മന്ത്രാലയത്തിലെ ഇൻഫർമേഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ. അഹമ്മദ് അൽ ഒതൈബി പറഞ്ഞു. http://hajj-register.awqaf.gov.kw എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സേവനങ്ങൾ, ചെലവ് എന്നിവ ഉൾപ്പെടെയുള്ള പൂർണമായ വിശദാംശങ്ങളടങ്ങിയ സന്ദേശങ്ങൾ ലഭിക്കും. തുടര്‍ന്ന് അപേക്ഷകന് അനുയോജ്യമായത് തിരഞ്ഞെടുക്കാം. രജിസ്റ്റർ ചെയ്തവരിൽനിന്ന് ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയായിരിക്കും തീർഥാടകരെ തിരഞ്ഞെടുക്കുക. നറുക്കെടുപ്പിനുശേഷം യോഗ്യരായവരെ എസ്.എം.എസ് വഴി അറിയിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അഞ്ചു ദിവസത്തെ സമയം അനുവദിക്കുമെന്നും അൽ ഒതൈബി കൂട്ടിച്ചേർത്തു. ജനുവരി 29 മുതലാണ് രജിസ്ട്രേഷന് ആരംഭിച്ചത്. കുവൈത്തിൽനിന്ന് 8000 തീർഥാടകർക്കാണ് ഇത്തവണ ഹജ്ജ് നിർവഹിക്കാൻ അവസരം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB