റിയാദ്: കേരളത്തിൽ കൊലപാതകം നടത്തി വിദേശത്തേക്ക് കടന്നയാൾ 17 വർഷങ്ങൾക്ക് ശേഷം kerala police സൗദി അറേബ്യയിൽ പിടിയിലായി. മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയാണ് ഖത്തർ – സൗദി അതിർത്തിയായ സൽവയിൽനിന്ന് സൗദി പൊലീസിന്റെ പിടിയിലായത്. വയനാട് വൈത്തിരി ജങ്കിൾ പാർക്ക് റിസോർട്ട് ഉടമ ചേവായൂർ വൃന്ദാവൻ കോളനിയിലെ അബ്ദുൾ കരീമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ.നാല് മാസം മുമ്പാണ് ഇയാൾ അറസ്റ്റിലായത്. നിലവിൽ ഇയാൾ സൗദി ജയിലിൽ കഴിയുകയാണ്. പ്രതിയെ ഏറ്റുവാങ്ങി നാട്ടിലെത്തിക്കാൻ കേരള പൊലീസ് സംഘം റിയാദിലെത്തിയിട്ടുണ്ട്. പ്രതിയുമായി ശനിയാഴ്ച വൈകിട്ട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് തിരിക്കുമെന്ന് ഉദ്യോഗസ്ഥർ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. ഇവർ ഞായറാഴ്ച രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തും. 2006ലായിരുന്നു കേസിന് ആസ്പദമായ കൊലപാതകം നടന്നത്. താമരശ്ശേരി ചുരത്തിലൂടെ ജീപ്പിൽ യാത്രചെയ്യവെ ക്വട്ടേഷൻ സംഘം തടഞ്ഞുനിർത്തി അബ്ദുൽ കരീമിനെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. പിന്നീട് നൂറാംതോട് ഭാഗത്ത് മൃതദേഹം ഉപേക്ഷിച്ചു. കൊലപാതകം നടത്തിയ ശേഷം പൊലീസിന്റെ കണ്ണിൽപ്പെടാതെ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇയാളെ പിടിക്കാനായി ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഉംറ നിർവഹിക്കാനോ മറ്റെോ റോഡ് മാർഗം സൗദി അറേബ്യയിലേക്ക് കടക്കാനെത്തിയ ഇയാളെ സൽവ അതിർത്തി പോസ്റ്റിൽ വെച്ച് സൗദി പൊലീസ് കസ്റ്റഡിയിലെടുത്ത് ജയിലിൽ അടയ്ക്കുകയായിരുന്നു. കേന്ദ്ര സർക്കാറിന്റെ അനുമതി കിട്ടിയതോടെയാണ് കേരളത്തിൽ നിന്ന് അന്വേഷണ സംഘം റിയാദിലേക്ക് തിരിക്കാൻ തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീൻകുട്ടി, ഇൻസ്‍പെക്ടർ ടി. ബിനുകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അജിത് പ്രഭാകർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ നാട്ടിലെത്തിക്കാനായി റിയാദിൽ എത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue