തൃശ്ശൂർ: ചേർപ്പിലെ തിരുവാണിക്കാവിൽ സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ ബസ് ഡ്രൈവർ മരിച്ചു thrissur. സ്വകാര്യ ബസ് ഡ്രൈവറായ ചേർപ്പ് സ്വദേശി സഹറാണ് മരിച്ചത്. ഫെബ്രുവരി 18ന് ശിവരാത്രിയിൽ ചിറയ്ക്കൽ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. തൃശൂർ – തൃപ്രയാർ റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു അവിവാഹിതനായ സഹർ. സുഹൃത്തായ സ്ത്രീയുടെ വീട്ടിലെത്തിയപ്പോഴാണ് സദാചാര ആക്രമണം നടന്നത്. പ്രവാസിയുടെ ഭാര്യയായ യുവതി സഹറിനെ ഫോണിൽ വിളിച്ച് വരുത്തുകയായിരുന്നു. എന്നാൽ, ഈ വീട്ടിൽ നിന്ന് സഹറിനെ ആറംഗ സംഘം വിളിച്ചിറക്കി കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. രാത്രി 12 മണി മുതൽ പുലർച്ചെ നാലുവരെ ആറംഗസംഘം യുവാവിനെ ക്രൂരമായി മർദിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ.പുലർച്ചയോടെ സഹർ വീട്ടിലെത്തി കിടന്നെങ്കിലും കടുത്ത വേദനയെ തുടർന്ന് കരച്ചിലായി. ഇതോടെയാണ് വീട്ടുകാർ സംഭവമറിയുന്നത്. ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും ആരോഗ്യനില മെച്ചപ്പെട്ടില്ല. ആന്തരികാവയവങ്ങൾക്ക് ഉൾപ്പെടെ ഗുരുതരമായ പരിക്കേറ്റ യുവാവ് ദിവസങ്ങളായി ചികിത്സയിലായിരുന്നു. അവസ്ഥ മോശമായതോടെ ചൊവ്വാഴ്ച ഉച്ചയോടെ യുവാവ് മരണത്തിന് കീഴടങ്ങി. സഹറിനെ ആക്രമിച്ച കേസിലെ പ്രതികളെല്ലാം സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയെന്നാണ് പോലീസിന്റെ വിശദീകരണം. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും ആറുപ്രതികളിൽ ഒരാളെപ്പോലും പിടികൂടിയിട്ടില്ല. പൊലീസിൻറെ ഭാഗത്തുനിന്ന് അന്വേഷണത്തിൽ വൻ വീഴ്ചയുണ്ടായതായി വിമർശനമുയരുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue