കോഴിക്കോട്; താമരശ്ശേരിയിൽ നിന്നും ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ പ്രവാസിയുടെ പുതിയ വീഡിയോ പുറത്ത് gold smuggling. പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയുടെ പുതിയ വീഡിയോയാണ് പുറത്ത് വന്നത്. സഹോദരൻ നൗഫലിനെതിരെയാണ് പുതിയ വീഡിയോയിൽ ഷാഫി സംസാരിക്കുന്നത്. തട്ടിക്കൊണ്ടുപോകലിനു പിന്നിൽ സഹോദരൻ ആണെന്നും തന്റെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് ഷാഫിയുടെ ആരോപണം. എല്ലാം ചെയ്തത് താനും സഹോദരനും കൂടിയാണ്. എല്ലാത്തിനും മുൻകൈ എടുത്ത സഹോദരൻ ആവശ്യം വന്നപ്പോൾ തന്നെ കയ്യൊഴിയുന്നെന്നും ഷാഫി പറയുന്നു. നൗഫലിനെ സൂക്ഷിക്കണമെന്ന് പിതാവ് പറഞ്ഞിരുന്നെന്നും ഷാഫി ഈ വീഡിയോയിൽ പറയുന്നു. അതേസമയം, തട്ടിക്കൊണ്ടുപോയ സംഘം ഷാഫിയെക്കൊണ്ട് പറയിപ്പിക്കുന്നതാണ് ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം ഷാഫിയുടെ മറ്റൊരു വീഡിയോയും പുറത്ത് വന്നിരുന്നു. അതിൽ 325 കിലോഗ്രാം സ്വർണ്ണം തട്ടിയെടുത്തെന്നും അതിന്റെ ഭാഗമായാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും ഷാഫി പറഞ്ഞിരുന്നു. 80 കോടി രൂപ ഈ സ്വർണത്തിന് വില വരുമെന്നും സംഘത്തിന്റെ വിഹിതമായ 20 കോടി ആവശ്യപ്പെട്ടാണും, തുക നൽകാതെ തന്നെ വിട്ടയയ്ക്കില്ലെന്നും ഷാഫി പറയുന്ന വീഡിയോയിൽ പറയുന്നുണ്ട്. അതിനിടെ, ഷാഫിയെ തട്ടിക്കൊണ്ടു പോയ കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരത്തുനിന്ന് പിടിയിലായ ഇവരെ ഇന്നു വൈകിട്ട് താമരശേരിയിൽ എത്തിക്കും. അതേസമയം, നിലവിൽ പുറത്ത് വന്നിരിക്കുന്ന വീഡിയോകൾ ഗുണ്ടാസംഘം ഷാഫിയെ ഭീഷണിപ്പെടുത്തിയ ശേഷം എടുത്തതാണെന്നും അത്തരത്തിൽ പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങളായിരിക്കാം വീഡിയോയിൽ ചിത്രീകരിച്ചതെന്നുമാണ് പൊലീസ് കരുതുന്നത്. വീഡിയോ എവിടെ വച്ചാണ് എടുത്തത് എന്ന് കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും പൊലീസ് വ്യക്തമാക്കി. ഏപ്രിൽ ഏഴാം തീയതിയാണ് ഷാഫിയെ ഒരു സംഘം തട്ടിക്കൊണ്ടുപോകുന്നത്. രാത്രി രണ്ടു വാഹനങ്ങളിലായി എത്തിയ സംഘം ഷാഫിയെ വീട്ടുമുറ്റത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയത്. ഇത്കണ്ട് തടയാൻ ശ്രമിച്ച ഭാര്യയേയും വാഹനത്തിൽ വലിച്ചു കയറ്റുകയും പിന്നീട് റോഡിൽ ഇറക്കിവിടുകയുമായിരുന്നു. സംഭവം നടന്ന ഏഴ് ദിവസത്തോളം ആയിട്ടും ഷാഫിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn