ആലപ്പുഴ> ആലപ്പുഴ മാന്നാറിൽ നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മാന്നാർ കുട്ടമ്പേരൂർ കൃപ സദനത്തിൽ മിഥുൻ കുമാർ (ജോൺ) ആണ് മകൻ ഡെൽവിൻ ജോണിനെ കോലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭാര്യ സെലിൻ വിദേശത്താണുള്ളത്. ഭാര്യയുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതായി സൂചനയുണ്ടെന്ന് പോലീസ് അറിയിച്ചു.മിഥുന്റെ മാതാപിതാക്കൾ പള്ളിയിൽ പോയി തിരികെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.കുഞ്ഞിന്റെ മൃതദേഹം കട്ടിലിലും മിഥുൻ കെട്ടിത്തൂങ്ങിയ സാരി പൊട്ടി നിലത്തുവീണ നിലയിലും ആണ് കണ്ടത്. മിഥുൻ കുമാറിന്റെ ഭാര്യ സെലിൻ ഒന്നര വർഷമായി സൗദിയിൽ നഴ്സാണ്. പത്ത് വർഷം ഗൾഫിൽ ജോലി ചെയ്തിരുന്ന മിഥുൻ അഞ്ച് വർഷം മുമ്പാണ് തിരികെ എത്തിയത്. ഇപ്പോൾ പെയിന്റിംഗ് ജോലി ചെയ്ത് വരികയായിരുന്നു. മിഥുന്റെ പിതാവ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. മാന്നാർ സി.ഐ ജോസ് മാത്യു, എസ്.ഐ അഭിരാം സി.എസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുവരുന്നു. കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL