അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് ഇറച്ചിയെന്ന് പറഞ്ഞ് സുഹൃത്ത് നൽകിയത് കഞ്ചാവ്. തുറന്നുനോക്കിയതിനാൽ രക്ഷപ്പെട്ടു. സംഭവത്തിൽ സുഹൃത്ത് അറസ്റ്റിലായിട്ടുണ്ട്. മലപ്പുറം എടവണ്ണപ്പാറയിലാണ് സംഭവം. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസൽ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിയിൽ കഞ്ചാവ് വെച്ച് കൊടുത്തയക്കാൻ ശ്രമിച്ചത്. ഗൾഫിലുള്ള മറ്റൊരു സുഹൃത്തിനെന്നാണ് ഷമീം പറഞ്ഞത്. യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ ഷമീം നൽകിയ പെട്ടിയിലെ വസ്തുക്കൾ മാറ്റി പായ്ക്ക് ചെയ്യാൻ അഴിച്ചപ്പോഴാണ് ഫൈസലിന് ചതി മനസ്സിലായത്. പ്ലാസ്റ്റിക് പായ്ക്കില്‍ പ്ലാസ്റ്ററിട്ട് ഒട്ടിച്ച നിലയിലാണ് കഞ്ചാവ് അടങ്ങിയ ബോട്ടില്‍ കണ്ടെത്തിയത്. ഉടൻ ഫൈസൽ വാഴക്കാട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഇതേതുടർന്ന്, ഓമാനൂർ സ്വദേശി പള്ളിപ്പുറായ നീറയിൽ പി.കെ. ഷമീം (23) ആണ് അറസ്റ്റിലായത്. സംഭവത്തിൽ മുഴുവൻ കുറ്റക്കാരും അകത്താകുന്നത് വരെ കേസുമായി മുന്നോട്ടു പോകുമെന്ന് ഫൈസൽ പറഞ്ഞു. കുവൈറ്റിൽ പിടിക്കപ്പെട്ടാൽ വധ ശിക്ഷ വരെ ലഭിക്കുന്ന കുറ്റകൃത്യമാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr