കുവൈത്തിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രവാസികളെ കള്ളകേസിൽ കുടുക്കുകയും നാടുകടത്താതിരിക്കാൻ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും പതിവാക്കിയ കേസിൽ പോലീസ് ഉദ്യോഗസ്ഥന് 5 വർഷത്തെ തടവും 2000 ദിനാർ പിഴ ശിക്ഷയും. കുവൈത്ത് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രവാസികളുടെ വാഹനത്തിൽ നിന്ന് മദ്യം പിടിച്ചെടുത്തതായി വ്യാജ കേസ് ചമച്ച് അറസ്റ്റ് ചെയ്യുകയും പിന്നീട് നാട് കടത്തലിനു വിധേയ മാക്കാതിരിക്കുന്നതിന് പണം ആവശ്യപ്പെടുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ തട്ടിപ്പിന്റെ രീതി. രഹസ്യ വിവരം ലഭിച്ചതിന്റ അടിസ്ഥാനത്തിൽ രഹസ്യന്വേഷണ വിഭാഗമാണ് മാസങ്ങൾക്കു മുമ്പ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ആവശ്യത്തിന് വഴങ്ങാത്ത നിരപരാധികളായ അനേകം പ്രവാസികളാണ് ഇത്തരത്തിൽ നാട് കടത്തലിനു വിധേയരായതെന്നും ഇവരിൽ ഭൂരിഭാഗം പേരും ഏഷ്യക്കാരാണ് എന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിർദേശ പ്രകാരം ഇയാളെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn