ബോട്ടിന്റെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ഭക്ഷണവും വെള്ളവും ഇല്ലാതെ മണിക്കൂറുകളോളം മെഡിറ്ററേനിയൻ കടലിൽ അകപ്പെട്ട 40 അഭയാർഥികൾക്ക് രക്ഷകരായി കുവൈത്തിന്റെ എണ്ണ കപ്പലായ അൽ ദസ്മ. കടലിൽ യാത്ര ചെയ്യുന്നതിനിടെ ബോട്ടിന്റെ ബ്രേക്ക് തകരാറിലായതോടെയാണ് അഭയാർഥികൾ നടുക്കടലിൽ കുടുങ്ങിയത്. ചൊവ്വാഴ്ച വൈകിട്ട് കുവൈത്തി ഓയിൽ ടാങ്കർ കമ്പനിയുടെ (കെഒടിസി) അൽ ദസ്മ എന്ന എണ്ണ കപ്പൽ ഈജിപ്തിലേക്കുള്ള യാത്രാ മധ്യേയാണ് നടുക്കടലിൽ പ്രവർത്തനരഹിതമായ ബോട്ട് കാണുന്നത്. ബോട്ടിനുള്ളിൽ ഭക്ഷണവും വെള്ളവും ഇല്ലാതെ ദുരിതത്തിലായ 40 അഭയാർഥികളുണ്ടെന്ന് കണ്ടെത്തിയതോടെ രക്ഷാപ്രവർത്തനം നടത്തിയതായി കമ്പനി വ്യക്തമാക്കി.
ഭക്ഷണവും വെള്ളവും നൽകിയ ശേഷം ഈജിപ്ഷ്യൻ സേർച്ച് ആൻഡ് റസ്ക്യൂ അതോറിറ്റിയുടെ സഹകരണത്തോടെയാണ് മുഴുവൻ പേരെയും രക്ഷപ്പെടുത്തിയത്. രാജ്യാന്തര നിയമവും മാനുഷിക കരാറും അനുസരിച്ച് അഭയാർഥികളെ സുരക്ഷിതരായി ഈജിപ്ഷ്യൻ അതോറിറ്റിക്ക് കൈമാറിയതായും കമ്പനി അറിയിച്ചു.
നേരത്തെ 2014 ജൂൺ 15നും നടുക്കടലിൽ അകപ്പെട്ട അഭയാർഥികളെ കെഒടിസി കമ്പനി രക്ഷപ്പെടുത്തിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx