റോഡിൽ കാറുകളുടെ ചക്രങ്ങൾ ബീഥോവൻ സംഗീതം മീട്ടും, ഇതാണ് യുഎഇയിലെ മ്യൂസിക്കൽ സ്ട്രീറ്റ്
യുഎഇയിലെ ഈ റോഡിലൂടെയുള്ള യാത്ര ഇനി ബീഥോവൻ സംഗീതത്തിന്റെ അകമ്പടിയോടെ ആയിരിക്കും. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും ഇങ്ങനെ ഒരു റോഡ് ഫുജൈറയിൽ യാഥാർഥ്യമായി കഴിഞ്ഞു. അറബ് ലോകത്തും യുഎഇയിലും ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഒരു റോഡ് വരുന്നത്.
ഫുജൈറയിലെ ശൈഖ് ഖലീഫ സ്ട്രീറ്റിലാണ് കാറുകൾ കടന്നുപോകുമ്പോൾ സംഗീതം ആസ്വദിക്കാൻ കഴിയുന്നത്. ലോക പ്രശസ്ത സംഗീതജ്ഞനായ ബീഥോവന്റെ ഒൻപതാം സിംഫണിയിലെ ഈണങ്ങളാണ് കേൾക്കാൻ സാധിക്കുക. ഫുജൈറ സിറ്റിയുടെ കവാടം മുതൽ ഫുജൈറ കോടതിക്ക് മുൻപ് വരെയുള്ള ശൈഖ് ഖലീഫ സ്ട്രീറ്റിലെ 750 മീറ്റർ ദൂരത്തിലാണ് ഈ മ്യൂസിക്കൽ സ്ട്രീറ്റ് സ്ഥിതി ചെയ്യുന്നത്.
ഈ നൂതന പദ്ധതിക്ക് പിന്നിൽ ഫുജൈറ ഫൈൻ ആർട്സ് അക്കാദമിയാണ്. പൊതു ഇടങ്ങളിൽ കല പ്രോത്സാഹിപ്പിക്കുകയും ദൈനംദിന ജീവിതത്തിലേക്ക് സംഗീതത്തെ കൂട്ടിച്ചേർക്കുകയുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. പദ്ധതി സംബന്ധിച്ച് താമസക്കാരും സന്ദർശകരും അതിശയത്തിലാണ്. എങ്ങനെയായിരിക്കും റോഡിലൂടെ വാഹനം പോകുമ്പോൾ സംഗീതമുണ്ടാകുന്നത് എന്നറിയാനുള്ള ആകാംക്ഷയാണ്.
‘സംഗീതം എന്നത് ഒരു ആഗോള ഭാഷയാണ്. യാത്രയെ കൂടുതൽ സുന്ദരമാക്കുന്നതിൽ സംഗീതത്തിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്’- ഫുജൈറ ഫൈൻ ആർട്സ് അക്കാദമി ഡയറക്ടർ ജനറൽ അലി ഒബൈദ് അൽ ഹഫീതി പറഞ്ഞു. റോഡിലൂടെ പോകുമ്പോൾ അപ്രതീക്ഷിതമായാണ് സംഗീതം കേൾക്കുന്നത്. ഇതിന്റെ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ആൾക്കാർ പങ്കുവെച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)