കുവൈത്തിൽ കണ്ടെയ്നറിൽ ലഹരിക്കടത്ത്; 1.15 ദശലക്ഷം ദീനാർ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു
ഏകദേശം 1.15 ദശലക്ഷം ദീനാർ വിലമതിക്കുന്ന 100 കിലോ മെത്തും 10 കിലോ ഹെറോയിനും പിടിച്ചെടുത്തു. കുവൈത്ത്- യു.എ.ഇ സംയുക്ത സുരക്ഷ ഓപറേഷനിലാണ് ഇവ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കടൽ വഴി എത്തിയ കണ്ടെയ്നറിനെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് ഇവ പിടിച്ചെടുത്തത്.സംഭവത്തിൽ അംഗാരയിൽനിന്ന് ഒരു ഏഷ്യൻ പൗരനെ അറസ്റ്റു ചെയ്തു. അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുള്ളവരാണ് കടത്തിന് പിന്നിൽ. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹിന്റെ മേൽനോട്ടത്തിലായിരുന്നു ഓപറേഷൻ.
ലഹരി പിടികൂടുന്നതിലേക്ക് നയിച്ച ഇന്റലിജൻസ് സഹകരണത്തിന് യു.എ.ഇ ഉപപ്രധാനമന്ത്രി ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ് യാന്‍, ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് നന്ദി അറിയിച്ചു. തുടർച്ചയായ സുരക്ഷാ ഏകോപനത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
കസ്റ്റംസുമായി സഹകരിച്ച് ഷുവൈഖ് തുറമുഖത്തുനിന്ന് കണ്ടെയ്നർ ട്രാക്ക് ചെയ്തു പിടിച്ചെടുക്കുകയായിരുന്നു. ഫയർഫോഴ്സ് സഹായത്താൽ കണ്ടെയ്നർ തുറന്ന് നടത്തിയ പരിശോനയിലാണ് വൻതോതിൽ ലഹരിവസ്തുക്കൾ കണ്ടെത്തിയത്. മയക്കുമരുന്ന് ഭീഷണി നേരിടുന്നതിനും ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും ശക്തമായ സുരക്ഷ പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)