260 പേരുടെ മരണത്തിനിടയാക്കിയ രാജ്യത്തെ ഞെട്ടിച്ച വിമാനദുരന്തം; അന്വേഷണറിപ്പോര്‍ട്ട് പുറത്ത്, വിശദാംശങ്ങള്‍
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ ദുരന്തത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. പറന്നുയർന്ന് നിമിഷങ്ങൾക്കകം രണ്ട് എൻജിനുകളും പ്രവർത്തനം നിലച്ചെന്നാണ് കണ്ടെത്തൽ. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് (എഎഐബി) റിപ്പോർട്ട് പുറത്തുവിട്ടത്. എൻജിനിലേക്ക് ഇന്ധനം പോകുന്ന സംവിധാനത്തിന്റെ പ്രവർത്തനം താളം തെറ്റിയതാണ് രണ്ട് എൻജിനുകളും നിലയ്ക്കാൻ കാരണമെന്നാണ് നിഗമനം. ജൂൺ 12ന് എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം തകർന്നുണ്ടായ അപകടത്തിൽ 260 പേരാണു മരിച്ചത്. എൻജിനിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയി എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതോടെ വിമാനത്തിന് പറന്നുയരാൻ ശക്തി ലഭിച്ചില്ല. കോക്പിറ്റിലെ പൈലറ്റുമാരുടെ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ആക്കിയതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്തതെന്ന് അയാൾ മറുപടിയും പറയുന്നു. ഏതു പൈലറ്റാണ് ഇത്തരത്തിൽ മറുപടി പറഞ്ഞതെന്നു വ്യക്തമല്ല. ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് പൈലറ്റ് ഇൻ കമാൻഡിന്റെ നിരീക്ഷണത്തിൽ കോ–പൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്. പ്രധാന പൈലറ്റ് അത് നിരീക്ഷിക്കുകയായിരുന്നു. രണ്ട് എൻജിനിലേക്കുമുള്ള സ്വിച്ചുകൾ ഒരു സെക്കന്‍ഡ് വ്യത്യാസത്തിലാണ് ഓഫ് പൊസിഷനിലേക്ക് മാറിയത്. ഇതോടെ വിമാനത്തിന് പറന്നുയരാനുള്ള ശക്തി നഷ്ടപ്പെട്ടു. സ്വിച്ച് ഉടൻതന്നെ പൂർവസ്ഥിതിയിലേക്ക് മാറി. ഒരു എൻജിൻ വീണ്ടും പ്രവർത്തനം ആരംഭിച്ചു. നാലു സെക്കൻഡുകൾക്കുശേഷം രണ്ടാമത്തെ സ്വിച്ചും ഓണായി. എന്നാൽ, രണ്ടാമത്തെ എൻജിന് പറന്നുയരാനുള്ള ശക്തി ലഭിച്ചില്ല. വിമാനത്തിൽ പക്ഷി ഇടിച്ചിട്ടില്ല. മറ്റ് തകരാറുകളില്ല. കാലാവസ്ഥ അനുകൂലമായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. വിമാനത്തിന്റെ ചിറകുകളിലെ ഫ്ലാപ്പുകൾ ക്രമീകരിച്ചിരുന്നത് സാധാരണ നിലയിലായിരുന്നു. വിമാനം 32 സെക്കൻഡ് മാത്രമാണ് പറന്നത്. വിമാനത്താവളത്തിന് സമീപമുള്ള ബി.ജെ. മെഡിക്കൽ കോളജ് ഹോസ്റ്റലിൽ തകർന്നുവീഴുന്നതിന് മുന്‍പ് 0.9 നോട്ടിക്കൽ മൈൽ ദൂരം മാത്രമാണ് വിമാനം സഞ്ചരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉച്ചയ്ക്ക് 1.39 നായിരുന്നു അപകടം സംഭവിച്ചത്. വിമാനത്തെ മുന്നോട്ടുപോകാൻ സഹായിക്കുന്ന ത്രസ്റ്റ് ലിവറുകൾ സാധാരണ നിലയിലായിരുന്നു. ബ്ലാക്ക് ബോക്സിലെ വിവരങ്ങൾ അനുസരിച്ച് അപകടമുണ്ടാകുന്നതുവരെ അവ ഫോർവേഡ് പൊസിഷനിലായിരുന്നു. രണ്ട് ഫ്യൂവൽ കൺട്രോൾ സ്വിച്ചുകളും ‘റൺ’ പൊസിഷനിലായിരുന്നു. അട്ടിമറിയുടെ തെളിവുകളൊന്നുമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)