വെൽക്കം ബാക്ക്; ബഹിരാകാശത്ത് നിന്ന് ശുഭാംശുവും സംഘവും ഭൂമിയിലേക്ക്: സ്പ്ലാഷ് ഡൗൺ ഉടൻ
ശുഭാംശു ശുക്ല ഉൾപ്പെടുന്ന ആക്സിയം 4 ദൗത്യ സംഘം ഉടൻ ഭൂമിയിൽ എത്തും. ഡീഓർബിറ്റ് ബേൺ നടന്നു. കലിഫോർണിയയ്ക്കു സമീപമുള്ള സാൻ ഡിയഗയിൽ പസഫിക് സമുദ്രത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം മൂന്നു മണിയോടെ സ്പ്ലാഷ് ഡൗൺ ചെയ്യും. 22.5 മണിക്കൂർ നീളുന്ന യാത്രയാണിത്. 14 ദിവസത്തെ ദൗത്യത്തിനുപോയ സംഘം 18 ദിവസം നിലയത്തിൽ താമസിച്ചു. ഗ്രേസ് ഡ്രാഗൺ പേടകത്തിൻറെ റീഎൻട്രി മുതൽ സ്‌പ്ലാഷ്‌ഡൗൺ വരെ ആക്സിയം സ്പേസിൻറെ വെബ്‌സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടും വഴി തത്സമയം കാണാം.
ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 4:45-നാണ് ആക്‌സിയം 4 സംഘത്തെ വഹിച്ചുകൊണ്ട് ക്രൂ ഡ്രാഗൺ ഗ്രേഡ് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ഹാർമണി മൊഡ്യൂളിൽ നിന്ന് വേർപ്പെട്ട് ഭൂമി ലക്ഷ്യമാക്കി പുറപ്പെട്ടത്. ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് പേടകത്തിലുള്ളത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കാൻ ഇന്ത്യൻ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:07-ന് പസഫിക് സമുദ്രത്തിന് മുകളിൽ വച്ച് ഗ്രേസ് പേടകം റീ-ഓർബിറ്റ് ബേൺ ലക്ഷ്യമിടുന്നു. 2.57-ഓടെ 5.7 കിലോമീറ്റർ ഉയരത്തിൽ വച്ച് ആദ്യഘട്ട പാരച്യൂട്ട് പ്രവർത്തനക്ഷമമാകും. സ്‌പ്ലാഷ്‌ഡൗൺ സൈറ്റിന് ഏതാണ്ട് രണ്ട് കിലോമീറ്റർ മുകളിൽ വച്ച് പ്രധാന പാരച്യൂട്ടും ഓപ്പണാകും. കാലാവസ്ഥ അനുകൂലമായാൽ 3.01ന് ഗ്രേസ് പേടകം കാലിഫോർണിയ തീരത്ത് ഇറങ്ങുമെന്നാണ് അറിയിപ്പ്. ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെട്ട ശേഷം ഏകദേശം ഇരുപത്തിരണ്ടര മണിക്കൂർ സമയമെടുത്താണ് ഗ്രേസ് പേടകം സ്‌പ്ലാഷ്‌ഡൗൺ നടത്തുക. സ്‌പ്ലാഷ്‌ഡൗണിന് പിന്നാലെ സ്പേസ്എക്‌സിൻറെ റിക്കവറി കപ്പൽ നാലുപേരെയും കരയ്‌ക്കെത്തിക്കും.
ജൂൺ 26-നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തിൽ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞു. കേരളത്തിൽ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങൾ ഐഎസ്എസിൽ ശുഭാംശു ശുക്ലയുടെ മേൽനോട്ടത്തിൽ നടന്നു. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായ സാമ്പിളുകടക്കം 236 കിലോഗ്രാം കാർഗോ ഗ്രേസിൽ ഭൂമിയിലേക്ക് മടക്കി കൊണ്ടുവരുന്നുണ്ട്. ഭൂമിയിൽ തിരിച്ചെത്തിക്കഴിഞ്ഞാൽ ഏഴ് ദിവസം ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെൻററിൽ നാല് ആക്സിയം 4 ദൗത്യ സംഘാംഗങ്ങളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. അതിന് ശേഷമേ ശുഭാംശു ശുക്ല ഇന്ത്യയിലേക്ക് വരികയുള്ളൂ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)