കുവൈത്തിൽ വൻ സുരക്ഷാ പരിശോധന, 192 നിയമലംഘകർ അറസ്റ്റിൽ
കുവൈത്തിൻറെ വിവിധ ഗവർണറേറ്റുകളിലായി റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെൻറ് ആഭ്യന്തര മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ വൻതോതിൽ സുരക്ഷാ പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി റെസിഡൻസ്, തൊഴിൽ നിയമങ്ങൾ ലംഘിച്ച 192 പേരെ പിടികൂടി. ഇവരിൽ കുറ്റവാളികളോടൊപ്പം റെസിഡൻസി നിയമലംഘകരും ഉൾപ്പെടുന്നു. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് അൽ സബാഹിൻറെ നിർദ്ദേശപ്രകാരം നടപ്പിലാക്കിയ പരിശോധനയുടെ പിന്നിൽ കുവൈത്തിലെ സുരക്ഷാ വ്യവസ്ഥ ശക്തമാക്കുകയും നിയമവാഴ്ച ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
ആഭ്യന്തര മന്ത്രാലയത്തിലെ ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി മിസ്ഫർ അൽ അദ്വാനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിച്ചത്. ജഹ്റ, ജലീബ് അൽ ഷുവൈഖ്, മഹ്ബൂല, അൽ ഖുറൈൻ മാർക്കറ്റ്, അഹമ്മദി, ഫഹഹീൽ തുടങ്ങിയ ജനസാന്ദ്രതയുള്ള ഭാഗങ്ങളിലാണ് പരിശോധന പ്രധാനമായും നടത്തപ്പെട്ടത്. നിയമലംഘകരെ കണ്ടെത്തുകയും നിയമാനുസൃത നടപടി സ്വീകരിക്കുകയും ചെയ്യുന്ന നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളും തൊഴിൽദാതാക്കളും ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിൻറെ ആവശ്യകത മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു. നിയമലംഘകരോട് കർശനമായ നിലപാട് സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)