അമാനുഷിക ശക്തി ഉണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടി; കുവൈത്തിൽ പ്രവാസി മന്ത്രവാദിനി പിടിയിൽ
കുവൈത്തിൽ ആത്മീയ രോഗശാന്തിക്കാരിയായി വേഷംമാറി നിരവധി പേരെ ചൂഷണം ചെയ്ത ഇറാഖി വനിതയെ പോലീസ് അറസ്റ്റ് ചെയ്തു. തനിക്ക് അമാനുഷിക ശക്തികളുണ്ടെന്നും ആളുകളുടെ വ്യക്തിപരവും സാമ്പത്തികവും കുടുംബപരവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും വ്യാജമായി അവകാശപ്പെട്ടായിരുന്നു ഇവരുടെ തട്ടിപ്പ്. ഇതിനായി വിവിധതരം പരിഹാരക്രിയകളും ഇവർ നടത്തിവന്നിരുന്നു.
ഇവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് സ്ത്രീ പിടിയിലായത്.
മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വിവിധതരം വസ്തുക്കൾ, എഴുത്തുകൾ, പേപ്പറുകൾ, ഔഷധ എണ്ണകൾ, പൂട്ടുകൾ, മാലകൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു. ഇവ ഉപയോഗിച്ചാണ് ഇവരെ സമീപിക്കുന്നവരെ ആത്മീയ തട്ടിപ്പിന് ഇരകളാക്കിയിരുന്നത്. പിടിയിലായ സ്ത്രീയെയും പിടിച്ചെടുത്ത വസ്തുക്കളും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
ഇത്തരം വഞ്ചനാപരവും നിയമവിരുദ്ധവുമായ പ്രവൃത്തികളിൽ വീഴരുതെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഉണർത്തി. വഞ്ചനയിലൂടെയും അന്ധവിശ്വാസത്തിലൂടെയും സമൂഹത്തെ ചൂഷണം ചെയ്യുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രാലയം വ്യക്തമാക്കി. സമാനമായ കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ അധികാരികളെ അറിയിക്കാനും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. കുവൈത്തിൽ മന്ത്രവാദവും ആഭിചാരവും ആത്മീയ തട്ടിപ്പുകളും കർശനമായി നിരോധിച്ചിട്ടുള്ളതാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)