കുവൈത്തിൽ കൊടും ചൂട്; മിർസാം സീസണിന് തുടക്കം, പകലിന് ദൈർഘ്യമേറും
കുവൈത്തിൽ താപനില കുത്തനെ ഉയർത്തി വേനൽക്കാലം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. ചൊവ്വാഴ്ച മുതൽ ആരംഭിച്ച മിർസാം സീസൺ ഉയർന്ന താപനിലയുടെ പ്രത്യേകതകളുള്ളതാണ്. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ ഘട്ടത്തെ ഉയർന്ന ചൂട് കാരണം ‘വേനൽക്കാലത്തെ തീ’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുവൈത്തിലെ വേനൽക്കാല കലണ്ടറിൽ ഏറെ പ്രാധാന്യമുള്ളതാണ് മിർസാം സീസൺ. വേനൽക്കാലത്തിന്റെ അവസാന ഘട്ടത്തിലേക്കുള്ള പ്രവേശനമായി ഇത് കണക്കാക്കപ്പെടുന്നു. ഈ ഘട്ടത്തിൽ പകലിന്റെ ദൈർഘ്യം 13 മണിക്കൂറും 30 മിനിറ്റും വരെ നീളും, അതേസമയം രാത്രി 11 മണിക്കൂറും 30 മിനിറ്റുമായി ചുരുങ്ങും.
ഈ സീസണിലാണ് കുവൈത്തിൽ ഈന്തപ്പഴങ്ങളുടെ വിളവെടുപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നത്. ബുധനാഴ്ച മുതൽ ഈന്തപ്പന വിളവെടുപ്പ് ആരംഭിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. നിലവിൽ രാജ്യത്ത് ശരാശരി 50 ഡിഗ്രി സെൽഷ്യസിനടുത്ത് താപനില രേഖപ്പെടുത്തുന്നുണ്ട്. കനത്ത ചൂടിനൊപ്പം കാറ്റും സജീവമാണ്.
13 ദിവസത്തെ മിർസാം സീസൺ അവസാനിക്കുന്നതോടെ താപനില ക്രമാനുഗതമായി കുറയുകയും വേനൽ അവസാനത്തിലേക്ക് നീങ്ങുകയും ചെയ്യും. തുടർന്ന് ഈർപ്പത്തിന് പേരുകേട്ട അൽ കുലൈബിൻ ഘട്ടത്തിലേക്ക് കുവൈത്ത് കടക്കും. സെപ്റ്റംബറിൽ അന്തരീക്ഷ താപനില കുറഞ്ഞുതുടങ്ങും. ഒക്ടോബറിലും നവംബർ പകുതി വരെയും രാജ്യത്ത് മിതശീതോഷ്ണ കാലാവസ്ഥയായിരിക്കും. നവംബറോടെ തണുപ്പുകാലം ആരംഭിക്കുകയും ഡിസംബറിൽ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കുകയും ചെയ്യും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)