ദേശീയ ചലച്ചിത്ര പുരസ്കാരം: ഷാറൂഖും വിക്രാന്ത് മാസിയും മികച്ച നടന്മാർ, മികച്ച നടി റാണി മുഖർജി, തിളങ്ങി ഉർവശിയും വിജയരാഘവനും
എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ജവാൻ എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാറൂഖിന് പുരസ്കാരം. ട്വൽത്ത് ഫെയിൽ എന്ന ചിത്രമാണ് നടൻ വിക്രാന്ത് മാസിയെ പുരസ്കാരത്തിന് അർഹനാക്കിയത്. റാണി മുഖർജിയാണ് മികച്ച നടി. മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശി മികച്ച സഹനടിയായി. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവൻ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരത്തിന് പൂക്കാലം എന്ന ചിത്രത്തിലൂടെ മിഥുൻ മുരളി അർഹനായി. മികച്ച പ്രൊഡക്ഷൻ ഡിസൈനർ പുരസ്‌കാരം മോഹൻദാസിനാണ് (2018). മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിനാണ്.
മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം കേരള സ്റ്റോറിയിലൂടെ സുദിപ്‌തോ സെൻ നേടി. മികച്ച ജനപ്രിയ സിനിമ കരൺ ജോഹർ സംവിധാനം ചെയ്ത റോക്കി ഓർ റാണി കി പ്രേം കഹാനിയാണ്. അനിമലിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. പാർക്കിങ് ആണ് മികച്ച തമിഴ് ചിത്രം. ജി.വി. പ്രകാശ് കുമാർ ആണ് മികച്ച സംഗീത സംവിധായകൻ. അനിമൽ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയ ഹർഷ് വർധൻ രാമേശ്വറും അവാർഡിന് അർഹനായി.
2023ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. പ്രാദേശിക ജൂറി തിരഞ്ഞെടുത്ത ചിത്രങ്ങളിൽ നിന്ന് സെൻട്രൽ ജൂറിയാണ് പുരസ്കാരജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)