ബാഗിന് കുറച്ച് വലുപ്പം കൂടി, യാത്രമുടങ്ങി; വിമാനത്താവളത്തിൽ കരഞ്ഞുതളർന്ന് യുവതി
ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിൽ ഹാൻഡ് ബാഗിന്റെ വലുപ്പം കൂടിയതിനെ തുടർന്ന് വിമാനയാത്ര നിഷേധിക്കപ്പെട്ട യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വിയന്ന സ്വദേശിനിയായ 55 വയസ്സുകാരി സ്വെറ്റാന കാലിനിനയാണ് റയാൻഎയർ അധികൃതരുടെ നടപടിയിൽ മനംനൊന്ത് വിമാനത്താവളത്തിൽ വിങ്ങിപ്പൊട്ടിയത്.
ജൂലൈ 24-ന് അവധിക്കാല യാത്ര കഴിഞ്ഞ് വിയന്നയിലേക്ക് മടങ്ങാനായി സോഫിയ വിമാനത്താവളത്തിലെത്തിയ സ്വെറ്റാനയ്ക്ക് വിമാനത്തിൽ കയറാൻ കഴിഞ്ഞില്ല. തന്റെ ഹാൻഡ് ബാഗിന് അനുവദനീയമായതിലും വലുപ്പമുണ്ടെന്ന് പറഞ്ഞാണ് റയാൻഎയർ അധികൃതർ യാത്ര നിഷേധിച്ചതെന്ന് സ്വെറ്റാന ആരോപിച്ചു. “ഒരു കുറ്റവാളിയോട് എന്നപോലെയാണ് അവർ എന്നോട് പെരുമാറിയത്. ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന് പലതവണ പറഞ്ഞിട്ടും അവർ കേട്ടില്ല. എയർലൈനിന്റെ ബാഗേജ് വലിപ്പം നിയന്ത്രിക്കുന്ന ബോക്സിൽ ലഗേജ് വെക്കാൻ ശ്രമിച്ചെങ്കിലും, അതിന് മുൻപ് തന്നെ അവർ ടിക്കറ്റ് റദ്ദാക്കുകയായിരുന്നു,” കിൻഡർഗാർട്ടൻ അധ്യാപികയായ സ്വെറ്റാന പറഞ്ഞു.
യാത്ര റദ്ദാക്കിയപ്പോൾ തനിക്ക് പ്രതികരിക്കാനോ മറ്റ് തീരുമാനങ്ങളെടുക്കാനോ സമയം അനുവദിച്ചില്ലെന്നും, മാനസികമായി തകർന്നുപോയെന്നും അവർ കൂട്ടിച്ചേർത്തു. പിന്നീട് വിമാനത്താവള അധികൃതർ തന്നെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയെന്നും, തന്റെ അവസ്ഥ കണ്ട് ഡോക്ടർ ഞെട്ടിയെന്നും സ്വെറ്റാന വെളിപ്പെടുത്തി.
എന്നാൽ, ബാഗിന് വലുപ്പം കൂടിയതിന് ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ സ്വെറ്റാന പ്രശ്നമുണ്ടാക്കുകയും ഗേറ്റ് സ്റ്റാഫുമായി തർക്കിക്കുകയും ചെയ്തെന്നാണ് റയാൻഎയർ അധികൃതർ പറയുന്നത്. രണ്ട് ബാഗുകളുമായാണ് സ്വെറ്റാന യാത്ര ചെയ്തിരുന്നത്. ചെക്ക്-ഇൻ സമയത്ത് രണ്ട് ബാഗുകളുമായി യാത്ര സാധ്യമല്ലെന്ന് റയാൻഎയർ അധികൃതർ അറിയിച്ചതായും അവർ പറയുന്നു.
സ്വെറ്റാനയുടെ ഹാൻഡ് ബാഗ് ഏതാണ്ട് കാലിയായിരുന്നുവെന്നും, പേഴ്സും യാത്രാരേഖകളും മാത്രമാണ് അതിലുണ്ടായിരുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. പിന്നിലുണ്ടായിരുന്ന ഒരു സഹയാത്രികൻ ഹാൻഡ് ബാഗ് തന്റെ ലഗേജിനൊപ്പം വെക്കാമെന്ന് പറഞ്ഞിട്ടും റയാൻഎയർ ജീവനക്കാരൻ അധിക ഫീസ് അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് കാബിൻ ലഗേജിന്റെ വലുപ്പം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന്, ബാഗിനുള്ളിലെ വസ്തുക്കൾക്ക് നാശനഷ്ടം വരാതിരിക്കാൻ സൂക്ഷ്മതയോടെ ലഗേജ് ബോക്സിലേക്ക് വെക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും, എന്നാൽ ബാഗ് വെച്ച് തീരും മുൻപേ ജീവനക്കാരൻ ടിക്കറ്റ് റദ്ദാക്കുകയായിരുന്നുവെന്നും സ്വെറ്റാന കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)