വീട്ടിലേക്ക് വിളിച്ചു, സിസിടിവി ഓഫ് ചെയ്തു, വിഷം തയ്യാറാക്കി വെച്ചു, അന്‍സിലിനെ അഥീന കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ

‘അവളെന്നെ ചതിച്ചെടാ’ എന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ സുഹൃത്തിനോട് അന്‍സില്‍ പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്. അദീന അന്‍സിലിനെ വിഷം കൊടുത്തുകൊന്നത് കൃത്യമായ ആസൂത്രണത്തിലൂടെയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചുകഴിഞ്ഞു. അന്നുരാത്രി അദീന അന്‍സിലിനെ വീട്ടിലേക്കുവിളിക്കും മുന്‍പ് വീട്ടിലെ സിസിടിവി ഓഫ് ചെയ്തിരുന്നു. വിഷം വാങ്ങിയതിന്റേയും വീട്ടില്‍ സൂക്ഷിച്ചതിന്റേയും തെളിവുകള്‍ പോലീസിനു ഇന്നലെത്തന്നെ ലഭിച്ചിരുന്നു. കൊലപാതകക്കുറ്റം ചുമത്തിയ അദീനയെ ഇന്നലെ രാത്രി റിമാൻഡ് ചെയ്ത് കാക്കനാട് ജയിലിലേക്ക് മാറ്റി. സാമ്പത്തിക പ്രശ്നമാണ് ഒരു വര്‍ഷത്തിലേറെയായി ബന്ധമുണ്ടായിരുന്ന അന്‍സിലിനെ വകവരുത്താന്‍ കാരണമെന്നാണ് പുറത്തുവരുന്ന വിവരം. അന്‍സിലിനെതിരെ അദീന നേരത്തെ പരാതി നല്‍കിയിരുന്നു‌. അൻസിൽ മർദിച്ചതായി കാണിച്ചാണ് ഒരു വർഷം മുന്‍പ് അദീന കോതമംഗലം പോലീസിൽ പരാതി നൽകിയത്. ഈ കേസ് രണ്ടാഴ്ച മുന്‍പ് പിൻവലിച്ചിരുന്നു. ഒത്തുതീർപ്പു പ്രകാരമുള്ള പണം നല്‍കാമെന്ന ഉറപ്പിന്‍മേലായിരുന്നു കേസ് പിന്‍വലിച്ചത്. എന്നാല്‍, ഈ തുക നല്‍കാന്‍ അന്‍സില്‍ തയ്യാറാകാതിരുന്നതും അദീനയുടെ പ്രതികാരത്തിനു ആക്കം കൂട്ടി. ഒറ്റയ്ക്ക് താമസിക്കുന്ന അദീന രാത്രി അൻസിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച പുലർച്ചെയാണ് വിഷം നൽകിയത്. അൻസിൽ കുടിക്കാനായി വെള്ളം ചോദിച്ചപ്പോൾ അദീന ഡിസ്‌പോസിബിൾ ഗ്ലാസിൽ കളനാശിനി ശീതളപാനീയത്തിൽ ചേർത്ത് നൽകുകയായിരുന്നു. അബോധാവസ്ഥയിലായതോടെ അൻസിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് അദീന പോലീസിനെയും ബന്ധുക്കളെയും അറിയിച്ചു. തുടർന്ന്, പോലീസും ബന്ധുക്കളുമെത്തി ആംബുലൻസിൽ അൻസിലിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച രാത്രി എട്ടിനാണ് അന്‍സില്‍ മരിച്ചത്. ആംബുലൻസിൽ വച്ച് അദീന വിഷംനൽകിയെന്ന് അൻസിൽ ബന്ധുവിനോട് വെളിപ്പെടുത്തിയതാണ് വഴിത്തിരിവായത്. അദീന അവിവാഹിതയാണ്. ഇരുവരും ഒരു വർഷത്തിലേറെയായി അടുപ്പത്തിലായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version