കുവൈത്ത് പ്രവാസികളെ ശ്രദ്ധിക്കുക: കൂട്ടായി പണം അയക്കുന്നത് നിയമക്കുരുക്കുകളിലേക്ക് നയിച്ചേക്കാം!
കുവൈത്തിൽ എക്സ്ചേഞ്ച് കമ്മീഷൻ ലാഭിക്കുന്നതിനായി നാലോ അഞ്ചോ പേരുടെ പണം ഒരുമിച്ച് നാട്ടിലേക്ക് അയക്കുകയും അത് അവിടെ പലർക്കുമായി കൈമാറുകയും ചെയ്യുന്ന പ്രവാസികൾ സൂക്ഷിക്കുക. ചെറിയ ലാഭത്തിനുവേണ്ടിയുള്ള ഇത്തരം പ്രവൃത്തികൾ വലിയ നിയമപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
ഇന്ത്യയിൽ സാമ്പത്തിക ഇടപാടുകൾ അധികൃതർ കർശനമായി നിരീക്ഷിച്ചുവരികയാണ്. നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് അപരിചിതരായ വ്യക്തികളിൽ നിന്ന് പണം എത്തുകയാണെങ്കിൽ അതിന് വ്യക്തമായ കാരണം കാണിക്കേണ്ടി വരും. ഇത് ചിലപ്പോൾ നിങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിലേക്ക് വരെ എത്താം. അടുത്തിടെ ഇത്തരത്തിൽ പണം അയച്ച ചില മലയാളികൾക്ക് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരുന്നു.
എന്താണ് ഈ രീതി?
ചില പ്രവാസികൾ നാലോ അഞ്ചോ പേരുടെ പണം ഒരാളുടെ അക്കൗണ്ടിലേക്ക് ഒരുമിച്ച് അയക്കുകയും, പിന്നീട് ഈ അക്കൗണ്ടിൽ നിന്ന് നാട്ടിലെ മറ്റ് പലരുടെയും അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്. ഇത് സാധാരണയായി സ്വന്തം ബന്ധുക്കളുടെയോ സ്വന്തം അക്കൗണ്ടുകളിലേക്കോ ആകും അയക്കുന്നത്. കുവൈത്തിലെ എക്സ്ചേഞ്ച് കമ്മീഷൻ ഒഴിവാക്കുക എന്നതാണ് ഇതിന് പിന്നിലെ പ്രധാന ഉദ്ദേശ്യം.
കുവൈത്തിൽ ഒരുമിച്ച് താമസിക്കുന്നവരാണെങ്കിലും, നാട്ടിൽ പലരും പലയിടങ്ങളിലായിരിക്കും. വിവിധ സംസ്ഥാനങ്ങളിലും ജില്ലകളിലുമുള്ള ആളുകളും ഇതിൽ ഉൾപ്പെടാം. നാട്ടിൽ യാതൊരു ബന്ധവുമില്ലാത്ത ഇത്തരക്കാരുടെ പണമിടപാടുകളിൽ സംശയം തോന്നിയാൽ അധികൃതർ ഇടപെടുകയും, പണത്തിന്റെ ഉറവിടം വെളിപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്യും.
പണം അയച്ച് കുഴപ്പത്തിൽ ചാടരുത്!
മറ്റുള്ളവർക്ക് വേണ്ടി സ്വന്തം സിവിൽ ഐ.ഡി ഉപയോഗിച്ച് പണം അയക്കുന്നവർ അതീവ ശ്രദ്ധ പുലർത്തുക. കുവൈറ്റിൽ പണമിടപാടുകൾ കർശനമായി നിരീക്ഷിക്കുന്നുണ്ട്. ഈ പണം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കോ തട്ടിപ്പ് സംഘങ്ങൾക്കോ ആണ് എത്തുന്നതെങ്കിൽ നിയമനടപടികൾ നേരിടേണ്ടി വരും.
കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത പണമിടപാടുകൾ എന്നിവക്കെതിരെ കുവൈത്ത് സെൻട്രൽ ബാങ്കും ആഭ്യന്തര മന്ത്രാലയവും നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബാങ്കുകളും പണമിടപാട് സ്ഥാപനങ്ങളും സൂക്ഷ്മമായ നിരീക്ഷണത്തിലാണ്. ഫിനാൻഷ്യൽ ഇൻ്റലിജൻസ് വിഭാഗവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
സിവിൽ ഐ.ഡി കൈമാറുമ്പോൾ ശ്രദ്ധിക്കുക!
മറ്റുള്ളവർക്ക് പണം അയക്കാൻ നിങ്ങളുടെ സിവിൽ ഐ.ഡി കൈമാറുമ്പോൾ അതീവ ജാഗ്രത പാലിക്കണം. നിയമവിരുദ്ധമായ പണമാണ് ഇത്തരക്കാർ അയക്കുന്നതെങ്കിൽ കുടുങ്ങുന്നത് നിങ്ങളായിരിക്കും. ചെറിയ കമ്മീഷൻ വാങ്ങി മറ്റുള്ളവർക്ക് പണം അയക്കാൻ സ്വന്തം സിവിൽ ഐ.ഡി നൽകുന്നവരും ധാരാളമുണ്ട്. മയക്കുമരുന്ന്, മദ്യം എന്നിവ കുവൈറ്റിൽ എത്തിക്കുന്നതിനും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഇത്തരത്തിലുള്ള പണം ഉപയോഗിക്കുന്നുണ്ട് എന്ന് തിരിച്ചറിയുക.
ഈ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നവർ പണം അയക്കാൻ മറ്റുള്ളവരെയാണ് ഉപയോഗിക്കുന്നത്. പണം കൈപ്പറ്റുന്നവർ ആരാണെന്നോ അവരുടെ ജോലി എന്താണെന്നോ സിവിൽ ഐ.ഡി ഉടമ അറിയുന്നില്ലായിരിക്കാം. എന്നാൽ, ഇടപാടുകൾ പരിശോധിക്കുമ്പോൾ ആദ്യം പിടിയിലാകുന്നത് സിവിൽ ഐ.ഡി ഉടമയായിരിക്കും. അടുത്തിടെ മലയാളികൾ ഉൾപ്പെടെ നിരവധി പേർ ഇത്തരം തട്ടിപ്പുകളിൽ അകപ്പെട്ട് നിയമക്കുരുക്കിലായിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)