വ്യാജരേഖകൾ ചമച്ച് കുവൈത്ത് പൗരത്വം നേടിയ പ്രശസ്ത സൗദി കവിക്ക് കുവൈത്ത് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇതിന് പുറമെ, പൊതു ഫണ്ടിൽ നിന്ന് 1.79 ദശലക്ഷം കുവൈത്ത് ദിനാർ (ഏകദേശം 48.4 കോടി ഇന്ത്യൻ രൂപ) തട്ടിയെടുത്തതിനും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
1995-ൽ, 34 വയസ്സുണ്ടായിരുന്ന പ്രതി തന്റെ സൗദി പൗരത്വം ഉപേക്ഷിച്ചു. തുടർന്ന്, മരണപ്പെട്ട ഒരു കുവൈത്ത് പൗരന്റെ അനന്തരാവകാശിയാണെന്ന് വ്യാജരേഖകളിലൂടെ സ്ഥാപിച്ചെടുക്കുകയായിരുന്നു. ഇതിനായി ഇയാൾ പേര് മാറ്റുകയും 1972-ൽ ജനിച്ചതായി കാണിക്കുന്ന വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും ചെയ്തു. എന്നാൽ, അന്വേഷണത്തിൽ ഇയാളുടെ യഥാർത്ഥ ജനനത്തീയതി 1961 ആണെന്ന് കണ്ടെത്തുകയായിരുന്നു.
ഈ തട്ടിപ്പിന്റെ ഫലമായി ഇയാളുടെ 27 മക്കളുടെ കുവൈത്ത് പൗരത്വവും റദ്ദാക്കാൻ കോടതി ഉത്തരവിട്ടു. പിതാവിന്റെ വ്യാജ പൗരത്വം കാരണമാണ് മക്കളുടെ പൗരത്വം റദ്ദാക്കിയത്. അന്വേഷണം ആരംഭിച്ച 2016-ൽ തന്നെ പ്രതി കുവൈത്ത് വിട്ടിരുന്നു. എന്നാൽ, 2024 ജൂണിലാണ് ഇയാളുടെ കുവൈത്ത് പൗരത്വം റദ്ദാക്കിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t