കാർഡില്ലാതെ പണം പിൻവലിക്കലിന്റെ മറവിൽ തട്ടിപ്പ്; കുവൈത്തിലെ എടിഎം തട്ടിപ്പിലെ മുഖ്യപ്രതി ബയോമെട്രിക് വിരലടയാളത്തിലൂടെ പിടിയിൽ
കുവൈത്തിൽ എടിഎമ്മുകളിൽ നിന്ന് കാർഡില്ലാതെ പണം പിൻവലിക്കാവുന്ന സൗകര്യം ദുരുപയോഗം ചെയ്ത് പൗരന്മാരുടെയും താമസക്കാരുടെയും പണം തട്ടിയ ഏഷ്യൻ സംഘത്തെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടികൂടി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡയറക്ടറേറ്റിലെ (ആൻ്റി മണി ക്രൈംസ് ഡിപ്പാർട്ട്‌മെൻ്റ്) ഉദ്യോഗസ്ഥരാണ് തട്ടിപ്പ് സംഘത്തെ വലയിലാക്കിയത്.
സംഭവത്തെക്കുറിച്ച് 24 മണിക്കൂറിനുള്ളിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ, പ്രധാന പ്രതിയുടെ (ബംഗ്ലാദേശ് പൗരൻ) വിവരങ്ങൾ വെളിപ്പെടുകയായിരുന്നു. പണം പിൻവലിക്കുന്നയാളുടെ ചിത്രങ്ങൾ ക്രിമിനൽ എവിഡൻസ് ജനറൽ ഡയറക്ടറേറ്റിലെ ബയോമെട്രിക് വിരലടയാള ഡാറ്റാബേസുമായി ഒത്തുനോക്കിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതോടെ അന്വേഷണ സംഘം ജലീബ് അൽ-ഷുയൂഖ് പ്രദേശത്ത് നിന്ന് ഇയാളെ പിടികൂടുകയും ചെയ്തു. പ്രതിയുടെ കൈവശം ഏകദേശം 5000 ദിനാർ, സിം കാർഡുകൾ, ബാങ്ക് കാർഡുകൾ, വിദേശത്തേക്ക് പണം കൈമാറാൻ ഉദ്ദേശിച്ചുള്ള മണി എക്സ്ചേഞ്ച് രസീതുകൾ എന്നിവ കണ്ടെടുത്തു.
കൂടുതൽ അന്വേഷണത്തിൽ, കുവൈത്തിനെ ലക്ഷ്യമിടുന്ന ഒരു അന്താരാഷ്ട്ര കുറ്റവാളി സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. അറസ്റ്റിലായ പ്രതി, റെഡിമെയ്ഡ് വസ്ത്രങ്ങൾ വിൽക്കുന്ന ഒരു കമ്പനിയിൽ പ്രവർത്തിക്കുന്ന പാകിസ്ഥാൻ പൗരന്മാരായ മറ്റ് രണ്ട് പേരുമായി സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു. ഈ കമ്പനി, ഔദ്യോഗിക സാമ്പത്തിക ചാനലുകൾക്ക് പുറത്ത് കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം മറച്ചുവെക്കാനും കൈമാറ്റം ചെയ്യാനുമുള്ള ഒരു മറയായി ഉപയോഗിച്ചു വരികയായിരുന്നു. മുമ്പ്, ഇവർക്ക് കറൻസി വിനിമയം നടത്താൻ അനുമതിയുണ്ടായിരുന്ന ഒരു സ്ഥാപനം അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. അതിനുശേഷമാണ് ഈ പുതിയ തട്ടിപ്പ് രീതിയിലേക്ക് മാറിയത്.
പ്രതികളെ ഖൈത്താൻ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്യുകയും പണം കൈമാറ്റത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ സംബന്ധിച്ച നിയമനടപടികൾ പുരോഗമിക്കുകയാണ്. പാകിസ്ഥാനിലുള്ള അന്താരാഷ്ട്ര സംഘത്തിൻ്റെ സ്ഥാനം കണ്ടെത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)