കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിൻറെ നേരിട്ടുള്ള മേൽനോട്ടത്തിൽ, ക്രിമിനൽ സെക്യൂരിറ്റി വിഭാഗം വൻ തോതിൽ മയക്കുമരുന്ന് പിടികൂടി. മെത്താംഫെറ്റാമൈൻ നിർമ്മിക്കുകയും വിൽക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്ന തലാൽ അൽ-ഹുബൈദി ഹമ്മാദ് അൽ-അജിലി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. അടുത്തിടെ ഇയാളുടെ പൗരത്വം റദ്ദാക്കിയിരുന്നു.സഅദ് അൽ-അബ്ദുല്ല മേഖലയിൽ നടന്ന ഈ നീക്കത്തിൽ കടത്തിക്കൊണ്ടുവന്ന രാസവസ്തുക്കൾ ഉപയോഗിച്ച് മെത്താംഫെറ്റാമൈൻ നിർമ്മിക്കുന്നതിൽ ഇയാൾക്ക് പങ്കുണ്ടെന്ന് വിശദമായ അന്വേഷണത്തിൽ കണ്ടെത്തി. പരിശോധനയിൽ, മെത്താംഫെറ്റാമൈൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 30 ലിറ്റർ രാസവസ്തുക്കൾ, അന്തിമ ഘട്ടത്തിന് മുൻപുള്ള 3 ലിറ്റർ മരുന്ന്, വിൽപനയ്ക്കായി തയ്യാറാക്കിയ 6 കിലോഗ്രാം മെത്താംഫെറ്റാമൈൻ എന്നിവ പിടിച്ചെടുത്തു. കൂടാതെ, മറ്റ് രാസവസ്തുക്കളും നിർമ്മാണ ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 500,000 കുവൈത്തി ദിനാർ (14 കോടിയിലേറെ ഇന്ത്യൻ രൂപ) വിലവരുമെന്ന് കണക്കാക്കുന്നു. ഇതിനോടൊപ്പം രണ്ട് തോക്കുകളും നിരവധി വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.
പിടിച്ചെടുത്ത സാധനങ്ങളെല്ലാം രേഖപ്പെടുത്തിയ ശേഷം പ്രതിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t