Posted By Editor Editor Posted On

വിസ നടപടികൾ ലളിതമാക്കി കുവൈറ്റ്; പുതിയ ഇ-വിസ പ്ലാറ്റ്‌ഫോമിനെ കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കിൽ

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വിസ നടപടിക്രമങ്ങൾ ലളിതമാക്കാൻ ലക്ഷ്യമിട്ട് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുതിയ ഇ-വിസ സംവിധാനം അവതരിപ്പിച്ചു. ആകർഷകമായ ടൂറിസം കേന്ദ്രമെന്ന നിലയിൽ കുവൈറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണ് പുതിയ പ്ലാറ്റ്‌ഫോം. വിസ നിരക്കുകളിൽ നിലവിൽ മാറ്റമില്ലെന്നും പുതിയ റെസിഡൻസി നിയമ ചട്ടങ്ങൾ അനുസരിച്ച് ഇത് മാറിയേക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

പുതിയ സംവിധാനത്തിന്റെ പ്രധാന സവിശേഷതകൾ:

സുഗമമായ ഇന്റർഫേസ്: വിസ നടപടിക്രമങ്ങൾ ലളിതമാക്കുന്ന, എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒരു പ്ലാറ്റ്‌ഫോമാണ് ഇത്. പാസ്‌പോർട്ട് അപ്‌ലോഡ് ചെയ്താൽ ഏതാനും ലളിതമായ ഘട്ടങ്ങളിലൂടെ വിസ ലഭിക്കും.

ശമ്പള പരിധി ഒഴിവാക്കി: കുടുംബ സന്ദർശന വിസകൾക്ക് ഇനി ശമ്പള പരിധിയില്ല. എത്ര ശമ്പളമുള്ള താമസക്കാർക്കും അവരുടെ ബന്ധുക്കളെ രാജ്യത്തേക്ക് കൊണ്ടുവരാം. കൂടാതെ, നിലവിൽ രക്തബന്ധമുള്ള നാലാം തലമുറ വരെയും വിവാഹബന്ധത്തിലൂടെ മൂന്നാം തലമുറ വരെയുമുള്ള ബന്ധുക്കളെ കൊണ്ടുവരാം.

ബന്ധുത്വം തെളിയിക്കുന്ന രേഖകൾ: കുടുംബ സന്ദർശനത്തിനായി ബന്ധുത്വം തെളിയിക്കുന്ന രേഖകൾ അറബിയിലോ അറബിയിലേക്ക് വിവർത്തനം ചെയ്തതോ ആയിരിക്കണം.

വിവിധതരം വിസകൾ: ടൂറിസ്റ്റ്, കുടുംബ സന്ദർശനം, ബിസിനസ്, സർക്കാർ സന്ദർശനം എന്നീ നാല് സേവനങ്ങൾ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു.

ടൂറിസ്റ്റ് വിസ: ടൂറിസ്റ്റ് വിസ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അംഗീകൃത രാജ്യക്കാർക്ക് നിബന്ധനകളില്ലാതെ വിസ ലഭിക്കും. ഗൾഫ്, അമേരിക്ക, യൂറോപ്യൻ യൂണിയൻ, യുകെ എന്നിവിടങ്ങളിലെ താമസക്കാർക്ക് തൊഴിൽ, സാമ്പത്തിക ഭദ്രത തെളിയിച്ചാൽ വിസ ലഭിക്കും. ഈ വിഭാഗങ്ങളിൽ ഉൾപ്പെടാത്തവർക്കായി മൂന്നാമതൊരു വിഭാഗവും കായിക മത്സരങ്ങൾ പോലുള്ള പ്രത്യേക പരിപാടികൾക്കായി നാലാമതൊരു വിഭാഗവും ഏർപ്പെടുത്തിയിട്ടുണ്ട്.

എളുപ്പത്തിലുള്ള അപേക്ഷ: ഇലക്ട്രോണിക് വിസ അപേക്ഷകൾ PDF ഫോർമാറ്റിൽ സ്വീകരിക്കുകയും ഇമെയിൽ വഴി വിസ അയക്കുകയും ചെയ്യും. പ്രിന്റ് എടുക്കേണ്ട ആവശ്യമില്ല.

സാമ്പത്തിക ഭദ്രത: ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് കുവൈറ്റിലെ ചെലവുകൾ വഹിക്കാൻ ആവശ്യമായ സാമ്പത്തിക ഭദ്രത ഉണ്ടായിരിക്കണം.

ഇസ്രായേൽ പൗരത്വം: ഇസ്രായേൽ പൗരത്വമുള്ളവർക്ക് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

സുരക്ഷാ പ്രശ്‌നങ്ങൾ: സുരക്ഷാ തടസ്സങ്ങൾ ഉള്ളവർക്ക് വിസ നൽകില്ല. നിയമലംഘനം നടത്തി നാടുകടത്തപ്പെട്ടവർക്കും പ്രവേശനം നിഷേധിക്കപ്പെടും.

നിയമലംഘനം: വിസ കാലാവധി കഴിഞ്ഞതിന് പിഴ ചുമത്തും. ലംഘനത്തിന്റെ സ്വഭാവം അനുസരിച്ച് തടവും നാടുകടത്തലും പോലുള്ള ശിക്ഷകൾ ലഭിക്കാം. വിമാനത്താവളത്തിൽ പിഴയടച്ച് രാജ്യം വിടാൻ സാധിക്കും.

അടുത്ത തലമുറയിലേക്ക് പ്ലാറ്റ്‌ഫോം വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള നൂതന സാങ്കേതികവിദ്യകൾ ഇതിൽ ഉൾപ്പെടുത്താൻ ലക്ഷ്യമിടുന്നതായും അധികൃതർ അറിയിച്ചു. പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് റെസിഡൻസി അഫയേഴ്‌സ് ജനറൽ ഡയറക്ടറേറ്റുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version