കുവൈത്ത് വിഷമദ്യ ദുരന്തം: ചികിത്സയിൽ സ്ത്രീകളുമെന്ന് സൂചന? പ്രവാസി സമൂഹം ആശങ്കയിൽ; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത
കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിരവധി പേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ അൻപത് കടന്നേക്കുമെന്ന് സൂചനകളുണ്ട്. നിലവിൽ 23 പേർ മരിച്ചതായും 160 പേർ ചികിത്സയിലുണ്ടെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. അതിനിടെ വ്യാജ മദ്യം കഴിച്ച് ചികിത്സയിൽ കഴിയുന്നവരിൽ മറ്റ് രാജ്യക്കാരായ സ്ത്രീകളും ഉണ്ടെന്നാണ് റിപ്പോർട്ടുകളെങ്കിലും ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ല.
മരിച്ച 23 പേരിൽ പത്ത് പേർ ഇന്ത്യക്കാരാണ്, അതിൽ ആറ് പേർ മലയാളികളാണ്. കണ്ണൂർ ഇരിണാവ് സ്വദേശി സച്ചിൻ പൊങ്കാരൻ്റെ (31) മൃതദേഹം ഇന്ന് പുലർച്ചെ നാട്ടിലെത്തിച്ചു. ദുരന്തത്തിൽ മരിച്ച ഇന്ത്യക്കാരിൽ 8 പേരുടെ മൃതദേഹങ്ങൾ ഇതുവരെ നാട്ടിലേക്ക് അയച്ചതായി വിവരമുണ്ട്.
40 ഇന്ത്യക്കാർ ഉൾപ്പെടെ 160 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്. വിഷമദ്യം ആന്തരികാവയവങ്ങളെ തകരാറിലാക്കിയതിനാൽ ഇരുപതിലധികം പേർക്ക് കാഴ്ച നഷ്ടപ്പെടുകയും പലരും ഡയാലിസിസിനും വെന്റിലേറ്റർ സഹായത്തിനും വിധേയരാവുകയും ചെയ്യുന്നുണ്ട്. ചികിത്സയിലുള്ള ഇന്ത്യക്കാരിൽ കൂടുതലും മലയാളികളാണ്.
ദുരന്തവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. മരിച്ചവരുടെയും ചികിത്സയിൽ കഴിയുന്നവരുടെയും ലിംഗം, രാജ്യം, പേര് തുടങ്ങിയ വിവരങ്ങൾ ഗൾഫ് രാജ്യങ്ങളിലെ നിയമമനുസരിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കാറില്ല. അതിനാൽ, വിവരങ്ങൾ മരിച്ചവരുടെ ബന്ധുക്കളിലൂടെയും സുഹൃത്തുക്കളിലൂടെയുമാണ് പുറത്തുവരുന്നത്.
വിഷമദ്യ ദുരന്തത്തെത്തുടർന്ന് കുവൈത്തിലെ പ്രവാസി സമൂഹത്തിൽ, പ്രത്യേകിച്ച് ഇന്ത്യക്കാർക്കിടയിൽ, കടുത്ത ആശങ്ക നിലനിൽക്കുന്നുണ്ട്. ഇത് കുവൈത്തിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചേക്കാമെന്നും, ഇന്ത്യക്കാരോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകുമോ എന്ന ഭയം നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)