Posted By Editor Editor Posted On

സലൂണുകൾ, ജിമ്മുകൾ, പരിചരണ കേന്ദ്രങ്ങൾ എന്നിവയ്ക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കുവൈത്ത്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും ലക്ഷ്യമിട്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയം വാണിജ്യ-വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് ആരോഗ്യ സ്ഥാപനങ്ങൾ, ഫിറ്റ്നസ് സെൻ്ററുകൾ, സലൂണുകൾ, സൗന്ദര്യ-വ്യക്തിഗത പരിചരണ കേന്ദ്രങ്ങൾ എന്നിവയ്ക്കായി 130 പുതിയ മാർഗ്ഗനിർദ്ദേശങ്ങളും നിയമങ്ങളും പുറത്തിറക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുക, സേവന നിലവാരം ഉയർത്തുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ചത്.

രോഗവ്യാപനം തടയൽ, അണുനശീകരണം, പൊതുജനാരോഗ്യം, പരിസ്ഥിതി സുരക്ഷ, റേഡിയേഷൻ സംരക്ഷണം തുടങ്ങിയ വിവിധ മേഖലകൾ ഈ മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. ആരോഗ്യ-വാണിജ്യ-വ്യവസായ മന്ത്രാലയങ്ങളുടെ സംയുക്ത മേൽനോട്ടത്തിൽ ഒരു സമിതി ഈ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കും.

പ്രധാന നിർദ്ദേശങ്ങൾ:

ആരോഗ്യ സ്ഥാപനങ്ങളിലെ പരിശീലകർക്ക് നിർബന്ധമായും CPR, ജീവൻ രക്ഷാ പരിശീലനം ഉണ്ടായിരിക്കണം.

എല്ലാ സ്ഥലങ്ങളിലും സർട്ടിഫൈഡ് ലൈഫ് ഗാർഡ് ഉണ്ടായിരിക്കണം.

എല്ലാ തൊഴിലാളികൾക്കും ജോലിക്ക് പ്രവേശിക്കുന്നതിന് മുമ്പ് സാധുവായ ആരോഗ്യക്ഷമതാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

നീന്തൽക്കുളങ്ങൾ, സ‌്വാന, ജാക്കൂസി, സ്റ്റീം റൂമുകൾ എന്നിവിടങ്ങളിൽ ക്ലോറിൻ അളവ് നിയന്ത്രിക്കുന്നതടക്കമുള്ള കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.

ലൈസൻസുള്ളതും ഉത്ഭവം വ്യക്തമായതുമായ സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കുക.

ഉപകരണങ്ങൾക്കായി കർശനമായ അണുനശീകരണ മാനദണ്ഡങ്ങൾ പാലിക്കണം.

റേസർ ബ്ലേഡുകളോ മൂർച്ചയുള്ള മറ്റ് ഉപകരണങ്ങളോ ഒന്നിലധികം ആളുകളിൽ ഉപയോഗിക്കാൻ പാടില്ല.

സലൂണുകളിൽ സ്ഥിരമായ ടാറ്റൂ ചെയ്യാനുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ല.

കുട്ടികൾക്ക് മുടി ഡൈ ചെയ്യുന്നതും 18 വയസ്സിന് താഴെയുള്ളവർക്ക് ടാനിംഗ് സേവനങ്ങൾ നൽകുന്നതും നിരോധിച്ചിരിക്കുന്നു.

ജീവനക്കാർ ആഭരണങ്ങൾ ധരിക്കാൻ പാടില്ല. ചർമ്മരോഗങ്ങളോ പകർച്ചവ്യാധികളോ ഉണ്ടെങ്കിൽ ജോലിയിൽ നിന്ന് വിട്ടുനിൽക്കണം.

ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സമൂഹത്തിന് ഏറ്റവും ഉയർന്ന സംരക്ഷണം ഉറപ്പാക്കുമെന്നും ഈ മേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനുള്ള വലിയൊരു ചുവടുവെപ്പാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version