കുവൈത്തിൽ അടുത്തയാഴ്ച മുതൽ ചൂട് കുറയും, നേരിയ ആശ്വാസത്തിന് സാധ്യത
രാജ്യത്തെ താപനില കുറയുന്നതോടെ അടുത്ത ആഴ്ച മുതൽ കനത്ത ചൂടിൽനിന്ന് ആശ്വാസം ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. വായു പിണ്ഡത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് താപനില കുറയ്ക്കാൻ സഹായിക്കുന്നത്.
അടുത്ത പത്ത് ദിവസത്തേക്ക് മിതമായ കാലാവസ്ഥയായിരിക്കും. അതിരാവിലെ സുഖകരമായ തണുപ്പ് അനുഭവപ്പെടുമെങ്കിലും ഉച്ചയ്ക്ക് താപനില വീണ്ടും ഉയരും. പടിഞ്ഞാറൻ മരുഭൂമി പ്രദേശങ്ങളിൽ നേരിയ പൊടി മാത്രമേ ഉണ്ടാകൂ എന്നതിനാൽ അടുത്ത ദിവസങ്ങളിൽ പൊടിയുടെ അളവ് കുറവായിരിക്കും.
ഈ വർഷത്തെ വേനൽക്കാലം അസാധാരണമായിരുന്നെന്ന് അൽ ഖരാവി അഭിപ്രായപ്പെട്ടു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ചൂട് കുറവായിരുന്നെന്നും, പൊടി നിറഞ്ഞ ദിവസങ്ങൾ കൂടുതലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ വിവരങ്ങൾ അനുസരിച്ച് തണുപ്പുള്ളതും മഴ ലഭിക്കുന്നതുമായ ഒരു ശൈത്യകാലം പ്രതീക്ഷിക്കാം.
അതേസമയം, തീരപ്രദേശങ്ങളിൽ ഈ ആഴ്ച ഈർപ്പം കൂടുതലായിരിക്കും. സെപ്റ്റംബറോടെ രാത്രികാലങ്ങളിൽ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങും.
കനത്ത ചൂടും ഈർപ്പവും തുടരുന്നതിനാൽ എല്ലാവരും മുൻകരുതലുകൾ എടുക്കണമെന്ന് അൽ ഖരാവി നിർദേശിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. ചൂടിന് അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കാനും, കൂടുതൽ വെള്ളം കുടിക്കാനും, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും അദ്ദേഹം ഓർമിപ്പിച്ചു.
വേനൽക്കാലത്ത് ഏർപ്പെടുത്തിയ ഔട്ട്‌ഡോർ ജോലികൾക്കുള്ള നിയന്ത്രണം ഈ മാസം അവസാനിക്കും. ജൂൺ മുതൽ ഓഗസ്റ്റ് 31 വരെ രാവിലെ 11 മുതൽ വൈകുന്നേരം 4 വരെയായിരുന്നു പുറം ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)