
വിസ വിൽപ്പനയും തൊഴിലാളി ചൂഷണവും; കുവൈറ്റിൽ 29 ഏഷ്യൻ വനിതകളെ രക്ഷപ്പെടുത്തി
കുവൈത്തിലെ ഫഹഹീലിൽ പ്രവർത്തിച്ചിരുന്ന ഒരു ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസ് മനുഷ്യക്കടത്തിലും അനധികൃത വിസ വിൽപ്പനയിലും ഏർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് നടപടി. റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റാണ് നടപടി സ്വീകരിച്ചത്. രാജ്യത്തെ സംഘടിത കുറ്റകൃത്യങ്ങളും അനധികൃത തൊഴിലാളി പ്രവർത്തനങ്ങളും തടയുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ തുടർച്ചയായ കാമ്പയിനിൻ്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. വിസ വിൽപ്പന, തൊഴിലാളികളെ അനധികൃതമായി താമസിപ്പിക്കൽ, സാമ്പത്തിക ലാഭത്തിനായി ചൂഷണം ചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ ഓഫീസ് ഏർപ്പെട്ടിരുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകൾ വെളിപ്പെടുത്തി. ഇതിനെ തുടർന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൻ്റെ ഡൊമസ്റ്റിക് ലേബർ ഡിപ്പാർട്ട്‌മെൻ്റുമായി ചേർന്ന് സംയുക്ത ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയും, പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അനുമതി നേടി റെയ്ഡ് നടത്തുകയും ചെയ്തു.
റെയ്ഡിനിടെ ഓഫീസിൻ്റെ മാനേജർമാരെ അറസ്റ്റ് ചെയ്തതോടൊപ്പം, താമസസ്ഥലത്ത് നിന്ന് ഏഷ്യൻ രാജ്യക്കാരായ 29 വനിതാ തൊഴിലാളികളെയും കണ്ടെത്തി. അന്വേഷണത്തിനിടെ രസീതുകൾ, കരാറുകൾ, സാമ്പത്തിക രേഖകൾ എന്നിവ പിടിച്ചെടുത്തു. ഓരോ വിസയ്ക്കും 120 കെഡി വീതം ഈടാക്കിയിരുന്നതായി കണ്ടെത്തി. സർക്കാർ ഫീസിനു പുറമെ തൊഴിലാളികളുടെ കരാറുകൾ 1,100 മുതൽ 1,300 കെഡി വരെയായി വീണ്ടും വിറ്റഴിച്ചിരുന്നതായും തെളിഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
യാത്രക്കാർക്ക് സന്തോഷവാർത്ത; ഇനി ക്യൂ നിൽക്കേണ്ട; ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇ-അറൈവൽ കാർഡ് പ്രാബല്യത്തിൽ
ഇന്ത്യൻ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ഇനി മുതൽ കൂടുതൽ വേഗത്തിലും ലളിതമായും. പരമ്പരാഗതമായ പേപ്പർ ഡിസെംബാർക്കേഷൻ കാർഡിന് പകരം ഡിജിറ്റൽ ഇ-അറൈവൽ കാർഡ് സംവിധാനം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിലായി. വിദേശ പൗരന്മാർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിൽ പൂർത്തിയാക്കുക ലക്ഷ്യമിട്ടാണ് ഈ മാറ്റം. യാത്രക്കാർ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപും 24 മണിക്കൂറിനുള്ളിലും ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വെബ്സൈറ്റ് വഴി ഇ-അറൈവൽ കാർഡ് പൂരിപ്പിച്ച് സമർപ്പിക്കണം. ഈ നടപടിക്രമത്തിന് ഫീസില്ല. കാർഡ് മുൻകൂട്ടി പൂരിപ്പിക്കാത്തവർക്ക് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ നടപടികൾക്കായി കൂടുതൽ സമയം കാത്തിരിക്കേണ്ടിവരുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.
പാസ്‌പോർട്ട് നമ്പർ, ദേശീയത, സന്ദർശന ലക്ഷ്യം, ഇന്ത്യയിലെ വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ തുടങ്ങി അടിസ്ഥാന വിവരങ്ങളാണ് ഓൺലൈൻ ഫോമിൽ ആവശ്യമായിരിക്കുന്നത്. രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല. ഇന്ത്യൻ പൗരന്മാരെയും ഒസിഐ കാർഡ് ഉടമകളെയും ഈ സംവിധാനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുഎഇ ഉൾപ്പെടെ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ യാത്രക്കാരെ അയക്കുന്ന രാജ്യങ്ങളിലെ ട്രാവൽ ഏജൻസികൾ പുതിയ നീക്കത്തെ സ്വാഗതം ചെയ്തു. “യാത്രക്കാരുടെ സമയം ലാഭിക്കാൻ സഹായിക്കുന്ന സുപ്രധാന മാറ്റമാണിത്” എന്നാണ് അവരുടെ അഭിപ്രായം. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് ഓൺലൈനായി ഫോം പൂർത്തിയാക്കാനാകുന്നതോടെ, യാത്രക്കാർ വിമാനത്തിൽ കയറുന്നതിനുമുമ്പ് തന്നെ അവരുടെ വിവരങ്ങൾ ഇമിഗ്രേഷൻ കൗണ്ടറിൽ ലഭ്യമാകും. ഇതോടെ വിമാനത്താവളത്തിൽ അറൈവൽ കാർഡ് പൂരിപ്പിക്കേണ്ട സമയം ഒഴിവാക്കാനാകും. പേപ്പറിൽ നിന്ന് ഡിജിറ്റലിലേക്കുള്ള ഈ മാറ്റം നടപടിക്രമങ്ങൾ ലളിതമാക്കുകയും തിരക്കേറിയ ഇന്ത്യൻ വിമാനത്താവളങ്ങളിലെ നീണ്ട നിരകൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് വ്യവസായ വിദഗ്ധർ വിലയിരുത്തുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
വ്യാജമായി വിദേശ ബ്രാന്റ് മദ്യങ്ങൾ നിർമ്മിച്ചു; കുവൈത്തിൽ പ്രവാസി വനിത അറസ്റ്റിൽ
കുവൈത്തിൽ പ്രമുഖ വിദേശ ബ്രാന്റ് മദ്യങ്ങൾ വ്യാജമായി നിർമ്മിച്ച പ്രവാസി വനിത അറസ്റ്റിൽ. ഏഷ്യൻ വനിതയാണ് അറസ്റ്റിലായത്. മഹബൂലയിലെ ഫ്‌ളാറ്റിൽ നിന്നാണ് ഇവർ അറസ്റ്റിലായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഖൈത്താൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിതരണത്തിനു തയ്യാറായ വിവിധ വിദേശ ബ്രാണ്ടുകളുടെ പേരിലുള്ള 300 ഓളം മദ്യ കുപ്പികളും നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു. മദ്യ നിർമ്മാണ, വ്യാപാര മേഖലയിലെ അവരുടെ പ്രവർത്തനങ്ങളുടെ സ്വഭാവം, എത്ര കാലമായി ഈ കുറ്റകൃത്യം ചെയ്തു വരുന്നു,, മദ്യ നിർമ്മാണത്തിനുള്ള വസ്തുക്കൾ എങ്ങനെ ലഭിച്ചു എന്നിങ്ങനെയുള്ള വിവരങ്ങൾ അന്വേഷണ സംഘം ഇവരിൽ നിന്ന് ശേഖരിച്ചു. മദ്യവിൽപ്പന സംബന്ധിച്ച് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ ഇവരുടെ താവളത്തിൽ പരിശോധന നടത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)