
ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ യു.എ.ഇ ലക്ഷ്യമാക്കി വന്ന മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു. അബുദാബിയിലെ അജ്ബാൻ, ഹബ്ഷാൻ ഗ്യാസ് ഫെസിലിറ്റി എന്നിവിടങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതായി അധികൃതർ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകൾ മുഴങ്ങിയതോടെ ജനങ്ങൾ ജാഗ്രത പാലിച്ചു. മിസൈലുകളെ ആകാശത്തുവെച്ച് തന്നെ തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചെങ്കിലും ഹബ്ഷാനിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് ചെറിയ തോതിൽ തീപിടുത്തമുണ്ടായി. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെങ്കിലും സുരക്ഷ മുൻനിർത്തി ഇവിടുത്തെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുബായിലെ ഹിന്ദു ക്ഷേത്രം, ഗുരുദ്വാര, വിവിധ കത്തോലിക്കാ പള്ളികൾ എന്നിവ അനിശ്ചിതകാലത്തേക്ക് അടച്ചു. വിശുദ്ധ വാരത്തിലെ പ്രധാന ചടങ്ങുകൾ ഉൾപ്പെടെയുള്ള ആരാധനാ കർമ്മങ്ങൾ വിശ്വാസികൾക്കായി ഓൺലൈൻ വഴി ലഭ്യമാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം അയൽരാജ്യമായ കുവൈറ്റിലെ മിന അൽ അഹമ്മദി റിഫൈനറിക്ക് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. എണ്ണശുദ്ധീകരണശാലയിലെ ചില ഭാഗങ്ങളിലും വൈദ്യുതി, ജല ശുദ്ധീകരണ പ്ലാന്റുകളിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്ത് റേഡിയേഷൻ ചോർച്ചയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കുവൈറ്റ് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ സൗദി അറേബ്യ ഏഴോളം ഡ്രോണുകൾ വെടിവെച്ചിട്ടു. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നൊന്നായി തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും കടുത്ത മുന്നറിയിപ്പ് നൽകി. ഇതിനിടെ രണ്ട് അമേരിക്കൻ എഫ്-35 വിമാനങ്ങൾ വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. നിലവിൽ യു.എ.ഇയിലെ സാഹചര്യങ്ങൾ സുരക്ഷിതമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സെൻസിറ്റീവായ സ്ഥലങ്ങളുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും ദുബായ് പോലീസ് ഓർമ്മിപ്പിച്ചു. ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ തേടി ബഹ്റൈനും ജി.സി.സി രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt